ക്ലാസ്മേറ്റ്സ് വിജയം തുണച്ചത് ജയസൂര്യയെ
ക്ലാസ്മേറ്റ്സില്‍ അഞ്ച് നായകന്‍മാരുണ്ടെങ്കിലും ചിത്രത്തിന്റെ വിജയം ഏറ്റവും ഗുണം ചെയ്തത് ജയസൂര്യക്കാണെന്നു തോന്നുന്നു. ചിത്രത്തിലെ മറ്റ് നായകനടന്‍മാരേക്കാള്‍ ക്ലാസ്മേറ്റ്സ് വിജയം ജയസൂര്യയുടെ കരിയറിനെയാണ് തുണച്ചിരിക്കുന്നത്.
ചിത്രത്തിലെ പ്രധാനനടനായ പൃഥ്വിരാജിന് ഒരു പിടി അവസരങ്ങളുണ്ട്. പക്ഷേ ക്ലാസ്മേറ്റ്സിനു മുമ്പും പൃഥ്വിക്ക് ഈ തിരക്കുണ്ടായിരുന്നു. ക്ലാസ്മേറ്റ്സിന്റെ വിജയത്തോടെ കിട്ടിയിരിക്കുന്നതാണ് പൃഥ്വിയുടെ ഇപ്പോഴത്തെ പ്രൊജക്ടുകള്‍ എന്ന് പറയാനാവില്ല.
ക്ലാസ്മേറ്റ്സിലെ മറ്റൊരു നടനായ ഇന്ദ്രജിത്തിനും നായകവേഷങ്ങളല്ലെങ്കില്‍ കൂടി ഏതാനും വേഷങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. ചെറുതും വലുതുമായ വേഷങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീമായിരുന്നു.
ചിത്രത്തിലെ മറ്റൊരു നായകന്‍ നരേനാണ്. നരേന് ക്ലാസ്മേറ്റ്സ് വിജയത്തോടെ പുതിയ അവസരങ്ങളൊന്നും മലയാളത്തില്‍ കിട്ടിയിട്ടില്ല. ചിത്രത്തിലെ മറ്റൊരു യുവതാരമായ വിജീഷിന്റെ കാര്യവും അങ്ങനെ തന്നെ.
അതേ സമയം ജയസൂര്യയുടെ കാര്യം വ്യത്യസ്തമാണ്. ക്ലാസ്മേറ്റ്സിന് മുമ്പ് ജയസൂര്യ കരിയര്‍ ഒരു വിധം മുമ്പോട്ടുപോകാന്‍ ബദ്ധപ്പെടുകയായിരുന്നു. അഭിനയജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ കിട്ടിയ നായകവേഷങ്ങള്‍ ഓര്‍മകള്‍ മാത്രമാവുകയും കൊച്ചുവേഷങ്ങളിലൂടെ സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയും ചെയ്യേണ്ട സ്ഥിതി. പക്ഷേ ക്ലാസ്മേറ്റ്സ് വിജയം ആ സ്ഥിതി മാറ്റി.
മൂന്ന് ചിത്രങ്ങളാണ് ക്ലാസ്മേറ്റ്സിനു ശേഷം ജയസൂര്യക്ക് കിട്ടിയത്. അതില്‍ രണ്ടിലും നായകവേഷം. ചങ്ങാതിപ്പൂച്ചയില്‍ നായകനാവുന്ന ജയസൂര്യ സുരേഷ് ഗോപി ചിത്രം സ്മാര്‍ട്ട് സിറ്റിയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏറ്റവുമൊടുവിലായി കല്യാണച്ചമയം എന്ന ചിത്രത്തിലെ നായകവേഷവും ജയസൂര്യയെ തേടിയെത്തിയിരിക്കുന്നു.
നവാഗതനായ സതീഷാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നായികയെ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications