മോഹന്‍ലാലിന്റെ ലൈഫ് ഈസ് ലാഫ് ലാഫ്
മോഹന്‍ലാലിന്റെ ലൈഫ് ഈസ് ലാഫ് ലാഫ്
നവമ്പര്‍ 04, 2003
മലയാളത്തില്‍ ഒരു ഇടവേളക്ക് ശേഷം രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു.
ബിയോണ്ട് ദി സോള്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന് ശേഷം രാജീവ് അഞ്ചല്‍ മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. രാജീവിന്റെ ഇംഗ്ലീഷ് ചിത്രം ബിയോണ്ട് ദി സോള്‍ അംഗീകാരം പിടിച്ചുപറ്റിയിരുന്നു. ന്യൂയോര്‍ക്ക് ചലച്ചിത്ര മേളയില്‍ ഈ ചിത്രം മികച്ച സംവിധാനത്തിനും തിരക്കഥക്കും പുറമെ ഗ്രാന്റ് ജൂറൈ പ്രൈസും നേടി.
ലൈഫ് ഈസ് ലാഫ് ലാഫ് എന്നാണ് രാജീവിന്റെ മോഹന്‍ലാല്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജ്യോതിര്‍മയിയാണ് ചിത്രത്തിലെ നായിക. ജ്യോതിര്‍മയി ഇത് രണ്ടാമത്തെ തവണയാണ് മോഹന്‍ലാലിന്റെ നായികയാവുന്നത്. ചിത്രീകരണം നടന്നുവരുന്ന വിശ്വനാഥന്‍പിള്ള ഹാപ്പിയാണ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ജ്യോതിര്‍മയിയാണ് നായിക.
ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ബാബു ആന്റണി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ലൈഫ് ഈസ് ലാഫ് ലാഫ് പൂര്‍ണമായും അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്. ഇംഗ്ലീഷ് ചിത്രമായ ബിയോണ്ട് ദി സോളും പൂര്‍ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചിരുന്നത്. ബാബു ആന്റണിയുടെ സഹോദരനായ തമ്പി ആന്റണിയാണ് ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.
രാജീവ് അഞ്ചല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ലൈഫ് ഈസ് ലാഫ് ലാഫ്. ബട്ടര്‍ഫ്ലൈസ്, ഗുരു എന്നിവയാണ് രാജീവ് അഞ്ചല്‍-മോഹന്‍ലാല്‍ ടീമിന്റെ ചിത്രങ്ങള്‍.


Click it and Unblock the Notifications