രാജേഷ് അമനകരയുടെ അമ്മത്തൊട്ടില്‍
രാജേഷ് അമനകരയുടെ അമ്മത്തൊട്ടില്‍
നവംബര്‍ 4, 2005
വേഷത്തിനു ശേഷം അമ്മത്തൊട്ടില്‍ എന്ന ചിത്രത്തിലൂടെ മോഹിനി വീണ്ടും മലയാളത്തിലെത്തുന്നു. രാജേഷ് അമനകര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍.
ഡോക്ടര്‍മാരായ ആനന്ദ്, ശാലിനി മേനോന്‍ എന്നീ കഥാപാത്രങ്ങളെയാണ് ബിജു മേനോനും മോഹിനിയും അവതരിപ്പിക്കുന്നത്. പ്രണയത്തിനു ശേഷം വിവാഹിതരാകുന്ന ഇരുവരുടെയും കുടുംബജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന കാലത്ത് പ്രണയത്തിലായ ഇരുവരും ഏറെ സന്തോഷത്തോടെയാണ് വിവാഹജീവിതത്തിലേക്കു പ്രവേശിച്ചത്. അവര്‍ക്കൊരു മകളുണ്ടായി- പൂജ. പരസ്പരം അറിഞ്ഞും മനസിലാക്കിയും അടുത്ത ആനന്ദിനും ശാലിനിക്കുമിടയില്‍ അകല്‍ച്ചയുണ്ടായതോടെ കുടുംബ ജീവിതം താളപ്പിഴകളില്‍ ചെന്നുപെടുകയായിരുന്നു.
പല കാര്യങ്ങളിലും ഇരുവര്‍ക്കും തമ്മില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെയായി. അവര്‍ തമ്മിലുണ്ടായ പ്രശ്നങ്ങള്‍ ഏറ്റവുമേറെ അലട്ടിയത് വളര്‍ന്നുവരുന്ന മകള്‍ പൂജയെയാണ്. ആരില്‍ നിന്നും സ്നേഹം കിട്ടാതെ അവള്‍ ഒറ്റപ്പെട്ട നിലയിലായി.
ദാമ്പത്യജീവിതത്തിന്റെ താളപ്പിഴകളിലേക്ക് കടന്നുചെല്ലുന്ന ഈ ചിത്രത്തില്‍ പൂജയായി വേഷമിടുന്നത് പുതുമുഖം പൂജയാണ്. അടൂര്‍ സ്വദേശിയായ പൂജ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. എം.ആര്‍.ഗോപകുമാര്‍, ടി.എസ്.രാജു, വിശാല്‍, സാജന്‍ പള്ളുരുത്തി, റഷീദ് കാരാപ്പുഴ, അമേരിക്കന്‍ അച്ചായന്‍, ശോഭാ മേനോന്‍, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല, അടൂര്‍ പങ്കജം, തൊടുപുഴ വാസന്തി തുടങ്ങി പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ നിര്‍മാതാവായ ഷിബു കിഴക്കേക്കൂറ്റ് എഴുതിയ ഗാനങ്ങള്‍ക്ക് രാജേഷ് അപ്പുക്കുട്ടന്‍ സംഗീതം നല്‍കുന്നു. എം.ജി.ശ്രീകുമാര്‍, ചിത്ര എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം എസ്.ജി.രാമന്‍.


Click it and Unblock the Notifications