twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ വീണ്ടും നടിമാരുടെ ദേശാടനം

    By Staff
    |

    മലയാളത്തില്‍ വീണ്ടും നടിമാരുടെ ദേശാടനം
    നവമ്പര്‍ 08, 2003

    പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ പതുക്ക ഒഴിഞ്ഞുപോവുന്നതിന്റെ സൂചനകള്‍ തെളിഞ്ഞതോടെ മലയാള സിനിമ വീണ്ടും ഒന്ന് ഉഷാറായിരിക്കുന്നു. ഇരുപത്തഞ്ചോളം മലയാള ചിത്രങ്ങളുടെ നിര്‍മാണമാണ് ഇപ്പോള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന ചിത്രങ്ങളുടെ എണ്ണ കൂടുന്നതോടെ താരങ്ങളുടെ തിരക്കും കൂടുന്നു.

    ചിത്രങ്ങളുടെ എണ്ണം കൂടുമ്പോള്‍ അതിലൊക്കെ അഭിനയിക്കാന്‍ വിവിധ റെയ്ഞ്ചിലുള്ള നായകനടന്‍മാര്‍ നമുക്കുണ്ട്. നടന്‍മാരുടെ കാര്യത്തില്‍ നമുക്കൊരിക്കലും ദാരിദ്യ്രമുണ്ടായിട്ടില്ല. എന്നാല്‍ നടിമാരുടെ കാര്യം അങ്ങനെയല്ല. ഇത്രയും ചിത്രങ്ങളുടെ ജോലി പുരോഗമിക്കുമ്പോള്‍ അതിലൊക്കെ അഭിനയിക്കാന്‍ മാത്രം നായികമാര്‍ മലയാളത്തിലില്ല.

    ഒരു ഇടവേളക്ക് ശേഷം ഇപ്പോള്‍ മലയാളത്തില്‍ മലയാളികളായ നായികാനടിമാര്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന കാലമാണ്. കാവ്യാമാധവന്‍, മീരാ ജാസ്മിന്‍, നവ്യാ നായര്‍, ഗീതു മോഹന്‍ദാസ്, ജ്യോതിര്‍മയി, ഭാവന, നിത്യാദാസ് തുടങ്ങി കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ മലയാളിത്തമുള്ള നായികമാര്‍ ഇപ്പോള്‍ നമുക്കുണ്ട്. എന്നാല്‍ ഇത്രയും ചിത്രങ്ങളുടെ ജോലി ഒന്നിച്ച് പുരോഗമിക്കുമ്പോള്‍ അതിലെല്ലാം ഓടിനടന്ന് അഭിനയിക്കാന്‍ ഈ നടിമാര്‍ക്ക് കഴിയില്ലെന്ന് കരുതിയാണോ എന്നറിയില്ല ഒരു ഡസനിലേറെ അന്യഭാഷാ നടിമാരെയാണ് ഇപ്പോള്‍ മലയയാളത്തില്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. മലയാളത്തിലെ മുന്‍നിര നായികമാര്‍ നല്ല തിരക്കിലായിരിക്കുമ്പോള്‍ തന്നെ അന്യഭാഷകളില്‍ നിന്ന് പ്രമുഖ നടിമാര്‍ മലയാളത്തിലെത്തുന്നു.

    വസുന്ധരാദാസ്, ലൈല, ജ്യോതിക, ഇന്ദ്രജ, ലക്ഷ്മി ഗോപാലസ്വാമി, സോണിയ അഗര്‍വാള്‍, മന്യ, കല്യാണി, മിന്നു, ഗേളി, സ്വാതിവര്‍മ, ഗായത്രി ജയറാം തുടങ്ങിയ ഒരു ഡസന്‍ നടിമാരാണ് മലയാളത്തിലെ വിവിധ ചിത്രങ്ങളില്‍ നായികമാരാവുന്നത്.

    പ്രമോദ് പപ്പന്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രമായ വജ്രത്തില്‍ വസുന്ധരാദാസാണ് നായിക. രാവണപ്രഭുവിന് ശേഷം വസുന്ധരാദാസ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്. തമിഴ് നടിയായ നന്ദിനി ചിത്രത്തിലെ മറ്റൊരു നായികയാണ്.

    ഹരിദാസിന്റെ ചിത്രത്തിലൂടെ ജ്യോതിക വീണ്ടും മലയാളത്തിലെത്തുന്നു. ജ്യോതിക നേരത്തെ അഭിനയിച്ച രണ്ട് ചിത്രങ്ങളും വെളിച്ചം കണ്ടിട്ടില്ല. ജയറാമിന്റെ നായികയായി ജ്യോതിക അഭിനയിച്ച ടി. കെ. രാജീവ്കുമാറിന്റെ സീതാകല്യാണം എന്ന ചിത്രം പൂര്‍ത്തിയായിട്ടില്ല. ജ്യോതിക ആദ്യമായി അഭിനയിച്ച മലയാളചിത്രമായ രാക്കിളിപ്പാട്ട് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. വിനയന്റെ വാര്‍ ആന്റ് ലൗവില്‍ ലൈല, ഇന്ദ്രജ എന്നീ അന്യഭാഷാ നടിമാരാണ് നായികമാരാവുന്നത്. കമലിന്റെ സ്വപ്നക്കൂടില്‍ അവസാനരംഗത്ത് ലൈല പ്രത്യക്ഷപ്പെടുന്നുണ്ട്. പത്തോളം മലയാള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച നടിയാണ് ഇന്ദ്രജ. വാര്‍ ആന്റ് ലൗവിന് ശേഷം വിനയന്‍ ഒരുക്കുന്ന വെള്ളിനക്ഷത്രം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് സോണിയാ അഗര്‍വാള്‍ എന്ന തമിഴ് നടിയാണ്. വിനു-ജോമോന്‍ എന്നീ ഇരട്ട സംവിധായകര്‍ ഒരുക്കുന്ന ഉദയം എന്ന ചിത്രത്തിലൂടെ തെലുങ്ക് നടി മന്യ വീണ്ടും മലയാളത്തിലെത്തുന്നു. നന്ദിനിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    ഹരികുമാറിന്റെ പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ നായികയാവുന്നത് ലക്ഷ്മി ഗോപാലസ്വാമിയാണ്. അരയന്നങ്ങളുടെ വീട്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലക്ഷ്മി ഗോപാലസ്വാമി നായികയാവുന്ന ചിത്രമാണിത്.

    ഐ. വി. ശശി സംവിധാനം ചെയ്യുന്ന സിംഫണിയില്‍ സ്വാതിവര്‍മ എന്ന ഹിന്ദി മോഡലാണ് നായികയാവുന്നത്. ഐ. വി. ശശിയുടെ മകള്‍ അനുവാണ് ചിത്രത്തിലെ മറ്റൊരു നായിക. പ്രകാശ് ചോക്കാട് സംവിധാനം ചെയ്യുന്ന ഇസ്രയില്‍ കല്യാണി, വിന്ധ്യ എന്നിവര്‍ നായികമാരാവുന്നു.

    വി. കെ. പ്രകാശിന്റെ മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയാവുന്നത് തമിഴ് നടി മിന്നുവാണ്. താഹയുടെ കേരള ഹൗസ് വില്പനയ്ക്ക് എന്ന ചിത്രത്തിലെ നായികയും തമിഴ് നടി തന്നെ- ഗേളി. അനില്‍ ബാബുവിന്റെ ചിത്രത്തിലൂടെ ഗായത്രി ജയറാം എന്ന തമിഴ്നടിയും മലയാളത്തിലെത്തുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X