സത്യന്‍ ചിത്രത്തില്‍ ലാലിനൊപ്പം മീര
സത്യന്‍ ചിത്രത്തില്‍ ലാലിനൊപ്പം മീര
നവംബര്‍ 8, 2005
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മീരാ ജാസ്മിന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അച്ചുവിന്റെ അമ്മയ്ക്കു ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രമാണിത്. മീരാ ജാസ്മിന്‍ ഒടുവില്‍ ചെയ്ത മലയാള ചിത്രവും അച്ചുവിന്റെ അമ്മയായിരുന്നു. പെരുമഴക്കാലത്തിനു ശേഷം അച്ചുവിന്റെ അമ്മയിലൂടെ മലയാളത്തിലെത്തിയ മീരയെ സത്യന്‍ തന്നെ വീണ്ടും മലയാളത്തിലെത്തിക്കുകയാണ്.
മോഹന്‍ലാലും മീരാ ജാസ്മിനും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇത്. നേരത്തെ വടക്കുംനാഥന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷത്തില്‍ അഭിനയിക്കുന്നതിനായി മീരാ ജാസ്മിനെ ക്ഷണിച്ചിരുന്നെങ്കിലും അന്യഭാഷകളിലെ തിരക്കുകള്‍ കാരണം ആ ക്ഷണം മീര നിരസിച്ചിരുന്നു. പിന്നീട് കാവ്യാ മാധവനാണ് ആ കഥാപാത്രം ചെയ്തത്.
സത്യന്‍ അന്തിക്കാട് തന്നെയാണ് കഥയും തിരക്കഥയും രചിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ശ്രീനിവാസന്‍, രഞ്ജന്‍ പ്രമോദ് തുടങ്ങിയ പ്രമുഖ തിരക്കഥാകൃത്തുക്കളുമായി ചേര്‍ന്ന് സിനിമ ചെയ്യാറുള്ള സത്യന്‍ അന്തിക്കാട് ആ പതിവ് ഉപേക്ഷിച്ച് തന്റെ ചിത്രത്തിനായി തൂലികയെടുക്കുകയാണ്.
മനസിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ സത്യന്‍ ചിത്രങ്ങള്‍ക്കു സംഗീതം പകര്‍ന്ന ഇളയരാജ തന്നയാണ് പുതിയ ചിത്രത്തിനും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നരനു ശേഷം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications