സുരേഷ് ഗോപിയുടെ നായികയായി മംമ്ത
സുരേഷ് ഗോപിയുടെ നായികയായി മംമ്ത
നവംബര്‍ 8, 2005
ആദ്യചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ മംമ്തയെ തേടി ഒന്നിനു പിറകെ ഒന്നായി അവസരങ്ങളെത്തുകയാണ്. പ്രമുഖബാനറുകളുടെയും സൂപ്പര്‍താരങ്ങളുടെയും ചിത്രങ്ങളിലാണ് മംമ്തയ്ക്ക് നായികയാന്‍ അവസരം ലഭിക്കുന്നത്.
സുരേഷ് ഗോപി നായകനാവുന്ന ലങ്കയാണ് മംമ്തയെ തേടിയെത്തിയ ഒടുവിലത്തെ ചിത്രം. എ.കെ.സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ലങ്കയില്‍ സുരേഷ് ഗോപിയുടെ നായികയായി മംമ്ത വേഷമിടും.
മംമ്തയുടെ രണ്ടാമത്തെ സൂപ്പര്‍താര ചിത്രമാണിത്. ആദ്യചിത്രമായ മയൂഖത്തിനു ശേഷം മമ്മൂട്ടി ചിത്രം ബസ് കണ്ടക്ടറില്‍ അഭിനയിച്ച മംമ്തയ്ക്ക് അടുത്ത ചിത്രത്തില്‍ തന്നെ സുരേഷ് ഗോപിയുടെ നായികയാവാനും അവസരം കൈവന്നിരിക്കുന്നു. പൃഥ്വിരാജ് നായകനായ കാക്കിയാണ് മംമ്ത നായികയാവുന്ന മറ്റൊരു ചിത്രം.
ചന്ദ്രോത്സവത്തിനു ശേഷം ദാമര്‍ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ദാമോദരന്‍ നിര്‍മിക്കുന്ന ചിത്രമാണ് ലങ്ക. സിദ്ദിക്ക്, വിജയകുമാര്‍, രാജന്‍ പി.ദേവ് തുടങ്ങിയ പ്രമുഖതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications











