twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതൊരു വീണ്ടുവിചാരമോ?

    By Staff
    |

    ഇതൊരു വീണ്ടുവിചാരമോ?
    നവമ്പര്‍ 13, 2003

    സൂപ്പര്‍താരങ്ങള്‍ക്ക് മനംമാറി തുടങ്ങിയോ? ആവശ്യമെങ്കില്‍ സിനിമയില്‍ ഇപ്പോഴത്തെ യുവനായകരുടെ അച്ഛനായി അഭിനയിക്കാനും തയ്യാറാണെന്ന മമ്മൂട്ടിയുടെ പ്രഖ്യാപനം ഒരു വീണ്ടുവിചാരത്തിന്റെ സൂചനയായി എടുക്കാമോ?

    ഇരുപത് വയസ് പിന്നിടാത്തെ നടികളുടെ കാമുകന്‍മാരായി അഭിനയിച്ച് സിനിമയില്‍ എന്നും നിത്യഹരിതമായി വിളങ്ങാമെന്ന ധാരണ മാറ്റിവയ്ക്കാന്‍ സമയമായെന്ന് സൂപ്പര്‍താരങ്ങള്‍ക്ക് ബോധ്യമായെന്ന് തോന്നുന്നു. കുഞ്ചാക്കോ ബോബനെ തനിക്ക് പേടിയില്ല, കുഞ്ചാക്കോ ബോബന്റെ പ്രായത്തെയാണ് തനിക്ക് പേടിയെന്ന് പറഞ്ഞ മമ്മൂട്ടി തന്നെയാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ പോലുള്ള യുവതാരങ്ങളുടെ അച്ഛനായി അഭിനയിക്കാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

    മലയാളത്തില്‍ ഇപ്പോള്‍ ഒരു പുതുതാരനിര ഉയര്‍ന്നുവരികയാണ്. പൃഥ്വിരാജിനെ പോലുള്ള 21 വയസ് മാത്രം പിന്നിട്ട നവയൗവനമാണ് ആ താരനിരയില്‍ തുടിച്ചുനില്‍ക്കുന്നത്. തങ്ങള്‍ക്ക് മാത്രം അവതരിപ്പിച്ച് പൊലിപ്പിക്കാനാവുന്ന വേഷങ്ങള്‍ അവര്‍ ഭംഗിയായി ചെയ്ത് വിജയിപ്പിക്കുന്നു. സ്വപ്നക്കൂട് പോലുള്ള ചിത്രം വന്‍വിജയമായതില്‍ ഈ യുവതാരങ്ങളുടെ ഫ്രഷ്നസ് ഒരു ഘടകമാണ്. യൗവനത്തിന്റെ പ്രണയവും സ്വപ്നങ്ങളുമൊക്കെ ഇനി സിനിമയില്‍ ആഘോഷമാക്കി മാറ്റേണ്ടത് ഈ ചെറുപ്പക്കാരാണ്. നാല്പത് പിന്നിട്ട സൂപ്പര്‍താരങ്ങള്‍ ഈ ചെറുപ്പക്കാര്‍ അവതരിപ്പിക്കേണ്ട വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ചേരാതെ പോവും. പൃഥ്വിരാജിന്റെ കാമുകിയായി പ്രത്യക്ഷപ്പെട്ട നവ്യാനായര്‍ മോഹന്‍ാലലിന്റെയും നായികയാവുന്നതില്‍ ചേര്‍ച്ചയില്ലായ്മയുണ്ട്. പ്രായത്തിനും കാലത്തിനും അനുസരിച്ച് മാറേണ്ടത് ഇമേജ് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സൂപ്പര്‍താരങ്ങള്‍ തന്നെയാണ്.

    യുവതാരങ്ങളുടെയും മധ്യവയസ്കരുടെയും നിര സജീവമായിരിക്കുമ്പോള്‍ തന്നെ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഒന്നൊന്നായി ചിത്രങ്ങള്‍ വിജയിപ്പിക്കുന്നതു നോക്കുക. ഷാരൂഖ്ഖാന്റെയത്രയും തിരക്ക് തന്നെ അറുപത് കഴിഞ്ഞ അമിതാഭിനുമുണ്ട്. പ്രായത്തിന് അനുസരിച്ച് മാറിയ വേഷങ്ങള്‍ വിജയകരമായി പരീക്ഷിക്കാന്‍ അമിതാഭിന് കഴിയുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ താരപ്രഭ ഇന്നും മങ്ങാത്തത്.

    അമിതാഭിന്റെ വിജയം കൊയ്ത മാറ്റമാണ് നമ്മുടെ സൂപ്പര്‍താരങ്ങളും മാതൃകയാക്കേണ്ടത്. മോഹന്‍ലാല്‍ പഴയകാല വേഷങ്ങളിലേക്ക് തിരിച്ചുപോവണമെന്നതാണ് സിനിമാലോകത്തെ മുറവിളി. സന്മനസുള്ളവര്‍ക്ക് സമാധാനത്തിലെയും നാടോടിക്കാറ്റിലെയും പോലുള്ള വേഷങ്ങള്‍ മോഹന്‍ലാല്‍ വീണ്ടും അവതരിപ്പിക്കണമെന്നാണ് അത്തരക്കാര്‍ ആവശ്യപ്പെടുന്നത്.

    പത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ ചെയ്തതു പോലുള്ള വേഷങ്ങള്‍ വീണ്ടും ആവര്‍ത്തിക്കണമെന്ന് പറയുന്നതിലെ കാമ്പില്ലായ്മ മോഹന്‍ലാലെങ്കിലും തിരിച്ചറിയണം. സ്വയം അനുകരിക്കാന്‍ തുടങ്ങുന്നതോടെ ഏതൊരു കലാകാരനും തന്റെ അപചയത്തിന് തുടക്കമിടുകയാണ്. കാക്കക്കുയില്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത് തൊഴില്‍ നേടി അന്യനാടുകളിലെത്തുന്ന ചെറുപ്പക്കാരന്റെ മറ്റൊരു പതിപ്പാണ്. അദ്ദേഹം എത്രയോ വട്ടം പലരീതിയില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആവര്‍ത്തനം. കാക്കക്കുയിലിലെ വേഷത്തില്‍ മോഹന്‍ലാല്‍ തീരെ മങ്ങിപ്പോയെന്നും മുമ്പ് പ്രേക്ഷകരുടെ ഹൃദയത്തിലേറിയ മോഹന്‍ലാലിന്റെ വേഷങ്ങളുമായി താരതമ്യം ചെയ്യാന്‍ പോലുമാവാത്ത കഥാപാത്രമാണ് അതെന്നും അദ്ദേഹത്തിന്റ ആരാധകര്‍ പോലും സമ്മതിക്കും. ആ ചിത്രം മോഹന്‍ലാലിന്റെ കരിയറിന് ഒരു ഗുണവും ചെയ്തില്ല.

    തിരിച്ചുപോക്കും ആത്മാനുകരണവുമല്ല അതിജീവനത്തിന്റെ മാര്‍ഗമെന്ന് സൂപ്പര്‍താരങ്ങള്‍ തിരിച്ചറിയേണ്ടത് ഇത്തരം പരാജയങ്ങളിലൂടെയാണ്. പഴയ കഥാപാത്രങ്ങളുടെ അനുകരണങ്ങള്‍ അവതരിപ്പിച്ച് തളരുകയല്ല, അഭിനയശേഷി ഉപയോഗപ്പെടുത്തുന്ന കമ്പനിയിലേതു പോലുള്ള കഥാപാത്രങ്ങിലേക്ക് വളരുകയാണ് അവര്‍ ചെയ്യേണ്ടത്. അഭിനയജീവിതത്തിന്റെ വലിയൊരു കാലം പിന്നിടുന്ന സൂപ്പര്‍താരങ്ങള്‍ പുതിയ പടവുകളിലേക്ക് വളരേണ്ടത് പരീക്ഷണങ്ങളിലൂടെയും വ്യത്യസ്തതകളിലൂടെയുമാവണം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X