ലാല്‍ ചിത്രവുമായി ലാല്‍ ജോസ്
ലാല്‍ ചിത്രവുമായി ലാല്‍ ജോസ്
നവംബര്‍ 13, 2004
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുന്നു. പ്രമേയത്തിലും കഥാപാത്ര സൃഷ്ടിയിലും പുതുമകളോടെയാണ് ലാല്‍ ജോസ് തന്റെ ആദ്യത്തെ മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.
ഈറ്റക്കാടുകളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷഭരിതമായ ഒരു ഭൂതകാലവും മനസില്‍ പേറി കഴിയുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബലരാമന്‍ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈറ്റക്കാട്ടിലെത്തുന്ന ലോറിക്കാരന്‍ ബലരാമന്‍ മോഹന്‍ലാലിന്റെ ഒരു വ്യത്യസ്ത കഥാപാത്രമായിരിക്കും.
താഴ്വാരം പോലുള്ള ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന വേഷമാണ് ഈ ചിത്രത്തിലേത്. ഏതാനും സീനുകള്‍ ചിത്രീകരിച്ചതിന് ശേഷം ഉപേക്ഷിച്ച ചക്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് ലോറിക്കാരന്റെ വേഷമായിരുന്നു.
മമ്മൂട്ടിയെയും ദിലീപിനെയും സുരേഷ് ഗോപിയെയും നായകനാക്കി ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കാനുള്ള അവസരം ലാല്‍ ജോസിന് കൈവരുന്നത് ഇതാദ്യമായാണ്. പൂയംകുട്ടി, അവറുകുട്ടി വനമേഖലകളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തുന്നത്. ദിലീപ് ചിത്രം രസികനു ശേഷം ലാല്‍ ജോസ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് നീങ്ങും.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് എസ്. സുരേഷ്ബാബുവാണ്. മമ്മൂട്ടി ചിത്രം ദാദാസാഹിബ്, മോഹന്‍ലാല്‍ ചിത്രം താണ്ഡവം എന്നിവയ്ക്ക് തിരക്കഥ രചിച്ചിട്ടുള്ള സുരേഷ്ബാബു ഈ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. താണ്ഡവത്തിന്റെ പരാജയം തിരക്കഥാകൃത്തെന്ന നിലയില്‍ ക്ഷീണമായ സുരേഷ്ബാബുവിന് ഇടക്കാലത്ത് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല.


Click it and Unblock the Notifications