മെഗാഹിറ്റുതേടി മോഹന്‍ലാല്‍
മെഗാഹിറ്റുതേടി മോഹന്‍ലാല്‍
നവമ്പര്‍ 14, 2003
മണിച്ചിത്രത്താഴിലെ ഭ്രാന്തനായ മനോരോഗവിദഗ്ധനെ മലയാളികള്‍ മറക്കാനിടയില്ല. ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ ഇടവേളയ്ക്ക് ശേഷമാണ് സണ്ണി എന്ന യുഎസില്‍ പ്രാക്ടീസ് ചെയ്യുന്ന ഉന്മാദിയായ ഡോക്ടറായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. പക്ഷെ സിനിമയുടെ ഇടവേളയോടെ പ്രത്യക്ഷപ്പെട്ട് സിനിമയിലാകെ നിറഞ്ഞുനില്ക്കുകയായിരുന്നു ഡോ. സണ്ണി എന്ന കഥാപാത്രം.
പ്രേക്ഷകര്‍ക്കിടയില്‍ നിലനില്പിന്റെ പുതിയ വഴികള്‍ തേടുന്ന മോഹന്‍ലാലിന് വേണ്ടി ഭൂതകാലത്തില്‍ തിളങ്ങിയ ക്ലാസിക് കഥാപാത്രങ്ങളെ വീണ്ടും ചികഞ്ഞെടുക്കുകയാണ് സംവിധായകര്‍ എന്ന് തോന്നുന്നു. ഇപ്പോഴിതാ ഷാജി കൈലാസിന്റെ സിനിമയില്‍ മോഹന്‍ലാല്‍ ഒരു വട്ട് കേസെന്ന് തോന്നിയ്ക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. ഇക്കുറി ഡോക്ടറല്ല, പകരം ഒരു പ്രൊഫസറായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് എന്ന വ്യത്യാസം മാത്രം. ദേവാസുരം പോലെ, ആറാം തമ്പുരാന്‍ പോലെ ഒരു മെഗാഹിറ്റാണ് ഈ ചിത്രത്തിലൂടെ ഷാജി കൈലാസും മോഹന്‍ലാലും ലക്ഷ്യമിടുന്നത്.
ഭ്രാന്തുള്ള പെണ്ണിനെ ചികിത്സിയ്ക്കുന്നതിന് ഭ്രാന്തില്ലാത്ത പെണ്ണിനെ മുറിയില്‍ പൂട്ടിയിടുകയാണ് ഡോ. സണ്ണി മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ചെയ്യുന്നത്. ഷാജി കൈലാസിന്റെ പുതിയ ചിത്രത്തില്‍ ഉന്മാദത്തെ പ്രണയം കൊണ്ട് ചികിത്സിക്കുയാണ് ഭ്രാന്തന്‍ പ്രഫസറായ മോഹന്‍ലാല്‍.
സംസ്കൃത കോളജിലെ ഭ്രാന്തന്‍ പ്രഫസറായി മോഹന്‍ലാല്‍ കസറുമെന്നാണ് ചലച്ചിത്രലോകം വിലയിരുത്തുന്നത്. അനുഗ്രഹ സിനി ആര്‍ട്സിന്റെ ബാനറില്‍ വി.ബി.കെ. മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മീര ജാസ്മിനാണ് നായിക. മീര ജാസ്മിന്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്ന ആദ്യ ചിത്രമാണിത്. മീര മോഹന്‍ലാലിന്റെ സ്റുഡന്റായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഹരിഹരനും സിബി മലയിലും ഈ ചിത്രം സംവിധാനം ചെയ്യാന്‍ ആദ്യം ആലോചിച്ചതാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. ഷാജി കൈലാസ് ഏറെ തിരക്കുണ്ടെങ്കിലും ഈ ചിത്രവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് തിരക്കഥ. എം.ടി. വാസുദേവന്‍ നായരുടെ മേല്‍നോട്ടവുമുണ്ട്. സംഗീതം ഇളയരാജ.
സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിനും ഇളയരാജയാണ് സംഗീതം. ഒരിടവേളയ്ക്ക് ശേഷം ഇളയരാജ മലയാളത്തില്‍ സജീവമാവുകയാണ്.
വേണുനാഗവള്ളി, ജഗതിശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും അഭിനയിക്കുന്നു.


Click it and Unblock the Notifications