രഞ്ജിത്ത്-മമ്മൂട്ടി ടീം വീണ്ടും
രഞ്ജിത്ത്-മമ്മൂട്ടി ടീം വീണ്ടും
നവംബര്‍ 14, 2004
ബ്ലാക്കിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും കൈകോര്‍ക്കുന്നു. വലിയവീട്ടില്‍ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ വലിയവീട്ടില്‍ സിറാജാണ് രഞ്ജിത്ത്-മമ്മൂട്ടി ചിത്രം നിര്‍മിക്കുന്നത്.
റംസാന്‍ സീസണില്‍ മമ്മൂട്ടി ചിത്രമായി റിലീസ് ചെയ്തിരിക്കുന്നത് ബ്ലാക്കാണ്. മോഹന്‍ലാലിന്റെ മാമ്പഴക്കാലത്തോടും ദിലീപിന്റെ കഥാവശേഷനോടുമാണ് ബ്ലാക്ക് മത്സരിക്കുന്നത്. മമ്മൂട്ടി ആക്ഷന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം പൊതുവെ നല്ല അഭിപ്രായം നേടിയെടുത്തിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിനും തിരക്കഥ രചിക്കുന്നത് സംവിധായകന്‍ തന്നെ. ബ്ലാക്കിലേത് പോലെ ആക്ഷന്‍ മൂഡിലുള്ള ഒരു കഥയായിരിക്കും പുതിയ ചിത്രത്തിലേതും.
രഞ്ജിത്ത്-മമ്മൂട്ടി കോമ്പിനേഷന്‍ വിജയമായിട്ടുണ്ടെന്നാണ് മുന്‍കാല അനുഭവം. സംവിധായകന്റെ മേലങ്കിയണിയുന്നതിന് മുമ്പ് രഞ്ജിത്ത് തിരക്കഥയെഴുതിയ വല്യേട്ടന്‍ എന്ന മമ്മൂട്ടി ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഷാജി കൈലാസാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സക്കറിയാപോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷമായിരിക്കും രഞ്ജിത്ത് പുതിയ മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലേക്ക് നീങ്ങുന്നത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ തുടങ്ങാനാണ് പദ്ധതി.


Click it and Unblock the Notifications