സത്യന്‍ ചിത്രത്തില്‍ ആശാരിയായി മോഹന്‍ലാല്‍
സത്യന്‍ ചിത്രത്തില്‍ ആശാരിയായി മോഹന്‍ലാല്‍
നവംബര്‍ 15, 2005
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ കഥയെയും കഥാപാത്രങ്ങളെയും കുറിച്ച് പല വാര്‍ത്തകളും പരന്നിരുന്നു. നാടോടിക്കാറ്റിന്റെ നാലാം ഭാഗമായിരിക്കും ഈ ചിത്രമെന്നും ശ്രീനിവാസനായിരിക്കും തിരക്കഥയെഴുതുന്നതെന്നുമുള്ള വാര്‍ത്തയും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി സത്യന്‍ അന്തിക്കാട് തന്നെ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതാന്‍ ആരംഭിച്ചു.
വളരെ വ്യത്യസ്തമായ വേഷമാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്. ഒരു ആശാരിയായാണ് മോഹന്‍ലാല്‍ സത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് സത്യന്‍ മോഹന്‍ലാലിനായി ഒരുക്കിയിരിക്കുന്നത്. മീരാ ജാസ്മിനാണ് നായിക.
പത്ത് വര്‍ഷത്തിനു ശേഷം ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ബ്ലെസ്സിയുടെ തന്മാത്രക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് സത്യന്‍ ചിത്രത്തിലാണ്. അടുത്ത വര്‍ഷം ജനവരി ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മാര്‍ച്ച് 23ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
അഭിനയജീവിതത്തിലെ സുവര്‍ണ മുഹൂര്‍ത്തങ്ങളെ തിരിച്ചുപിടിക്കാന്‍ സഹായിക്കുന്ന കഥയും കഥാപാത്രങ്ങളുമാണ് ഇപ്പോള്‍ സംവിധായകര്‍ മോഹന്‍ലാലിനായി ഒരുക്കുന്നത്. അഭിനയ പ്രധാനമായ കഥാപാത്രങ്ങളിലേക്കുള്ള ലാലിന്റെ തിരിച്ചുപോക്കിന്റെ തുടര്‍ച്ചയാണ് സത്യന്‍ ചിത്രം.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications