twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സര്‍ക്കാര്‍ ദാദയായി ജയറാം

    By Staff
    |

    സര്‍ക്കാര്‍ ദാദയായി ജയറാം
    നവംബര്‍ 16, 2004

    ജയറാം ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ശശിശങ്കറിന്റെ സര്‍ക്കാര്‍ ദാദ. ആദ്യന്തം നര്‍മത്തിന്റെ മേമ്പൊടിയോട കഥ പറയുന്ന ഈ ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്നത് സര്‍ക്കാര്‍ ദാദ എന്ന പേരിലറിയപ്പെടുന്ന ഒരു വ്യത്യസ്ത കഥാപാത്രത്തെയാണ്.

    നാലാം വയസില്‍ അച്ഛനമ്മമാരെ നഷ്ടമായതാണ് മുകുന്ദന്‍ മേനോന്. ധനികകുടുംബത്തില്‍ പിറന്ന കുഞ്ഞിനെ നോക്കിവളര്‍ത്താന്‍ ആരുമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അതിനെ ഏറ്റെടുത്തു. സ്വത്തുക്കള്‍ നോക്കിനടത്താന്‍ ഒരു റിസീവറെയും നിയമിച്ചു.

    അഡ്വ.ദാമോദരന്‍ നമ്പ്യാരാണ് റിസീവറായി ചുമതലേയറ്റത്. സമ്പത്തിന്റെ നടുവില്‍ വളര്‍ന്ന മുകുന്ദനെ എല്ലാ സുഖസൗകര്യങ്ങളും നല്‍കിയാണ് നമ്പ്യാര്‍ വളര്‍ത്തിയത്. പക്ഷേ എല്ലാം ദുരുപയോഗപ്പെടുത്തുകയാണ് മുകുന്ദന്‍ ചെയ്തത്. ക്രിമിനലുകളായിരുന്നു അയാളുടെ സുഹൃത്തുക്കള്‍. കേസോ വഴക്കോ ഇല്ലാത്ത ഒരു ദിവസം പോലും മുകുന്ദന്റെ ജീവിതത്തിലുണ്ടായില്ല. അങ്ങനെ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വളര്‍ന്ന് ദാദയായി മാറിയ മുകുന്ദന് ഒരു വിളിപ്പേര് വീണു- സര്‍ക്കാര്‍ ദാദ.

    മുകുന്ദന് എല്ലാ സ്വത്തുക്കളും കൈമാറേണ്ട ദിവസമെത്തിയപ്പോള്‍ നമ്പ്യാര്‍ ജയിലിലായിരുന്നു. ആര്‍ഡിഒ സന്ധ്യയെ പുതിയ ട്രസ്ററായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഐഎഎസ് പരിശീലനം പൂര്‍ത്തിയാക്കിയ ഉടനെ ആര്‍ഡിഒ ആയി ചുമതലയേറ്റ സന്ധ്യക്ക് സര്‍ക്കാര്‍ ദാദ പുതിയൊരു തലവേദനയാവുകയായിരുന്നു. പക്ഷേ ഒരു കാര്യത്തില്‍ അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഒരു കേസ് പോലും മുകുന്ദനെതിരെ നിലവിലില്ലാത്ത സമയത്ത് മാത്രമേ സ്വത്തുക്കള്‍ അയാള്‍ക്ക് കൈമാറുകയുള്ളൂ. അങ്ങനെ ആര്‍ക്കും എളുപ്പം വഴങ്ങാത്ത മുകുന്ദനെ നേരെ നടത്താന്‍ തന്നെ അവള്‍ ഉറച്ചു.

    ജയറാം അവതരിപ്പിച്ച കോമഡി കഥാപാത്രങ്ങളില്‍ വേറിട്ടുനില്‍ക്കുന്നു സര്‍ക്കാര്‍ ദാദ. ആര്‍ഡിഒ സന്ധ്യയായി അഭിനയിക്കുന്നത് നവ്യാ നായരാണ്. ജയറാമും നവ്യയും നായികാനായകന്‍മാരാവുന്നത് ആദ്യമായാണ്.

    സൂപ്പര്‍ ഹിറ്റായ കുഞ്ഞിക്കൂനന് ശേഷം ശശിങ്കര്‍ സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ ദാദയില്‍ കലാശാല ബാബു, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, റിയാസ്ഖാന്‍, കൊച്ചനിയന്‍, പുന്നപ്ര അപ്പച്ചന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും അണിനിരക്കുന്നുണ്ട്.

    മണി ഷൊര്‍ണൂരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രണം ആനന്ദക്കുട്ടന്‍. കല്ലിയൂര്‍ ശശിയാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X