For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാല്‍ ചെയ്യേണ്ട വേഷങ്ങള്‍

  By Staff
  |

  മോഹന്‍ലാലിന്റെ കരിയര്‍ സമര്‍ത്ഥമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് കരുക്കള്‍ നീക്കുന്നത് ആന്റണി പെരുമ്പാവൂരാണോ? മോഹന്‍ലാലിനെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന തരത്തിലുള്ള വേഷങ്ങളിലേക്ക് തിരികെ ആനയിക്കുക, അതു വഴി ലാലിന്റെ താരാധിപത്യം കൂടുതല്‍ ശക്തമാക്കുക- ഇതാണെന്ന് തോന്നു ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ സിനിമകള്‍ നിര്‍മിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ഇപ്പോഴത്തെ അജണ്ട.

  ഈ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയത് രസതന്ത്രമാണ്. ഈ വര്‍ഷത്തെ സൂപ്പര്‍താര ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയതും ഈ ചിത്രമാണ്. എന്തായിരുന്നു രസതന്ത്രത്തിന്റെ വിജയത്തിന് പിന്നിലെ മുഖ്യഘടകം? 11 വര്‍ഷത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ചുവെന്നതു തന്നെ.

  തങ്ങള്‍ മനസിലേറ്റുന്ന ഒരു പിടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരുക്കിയ സത്യന്‍ അന്തിക്കാടുമായി വീണ്ടും തങ്ങളുടെ പ്രിയതാരം ഒന്നിക്കുകയെന്നത് പ്രേക്ഷകരുടെ കൂടി ആഗ്രഹമായിരുന്നു. സത്യന്‍-ലാല്‍ ടീം വീണ്ടും ഒന്നിക്കുക എന്ന വന്‍വിജയസാധ്യതയുള്ള ഫോര്‍മുലക്കു പിന്നില്‍ യഥാര്‍ത്ഥത്തില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരായിരുന്നു. ചില സൗന്ദര്യപിണക്കങ്ങളുടെ പേരില്‍ നേരിയ അകല്‍ച്ച പാലിച്ചിരുന്ന സത്യനെയും ലാലിനെയും ഇന്നസെന്റിന്റെ മധ്യസ്ഥതയില്‍ ഒരുമിപ്പിക്കാന്‍ വേണ്ടി എല്ലാ നീക്കവും നടത്തിയത് ആന്റണിയാണ്.

  മലയാളത്തിലെയും എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ രസതന്ത്രം സ്ഥാനം നേടിയതിനൊപ്പം കുടുംബ പ്രേക്ഷകരുടെ പ്രിയതാരമെന്ന പഴയ സ്ഥാനം തിരിച്ചുപിടിക്കാനും മോഹന്‍ലാലിന് കഴിഞ്ഞു. എല്ലാറ്റിനും പിന്നില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിന്റെ ബുദ്ധി.

  രസതന്ത്രത്തിനു മുമ്പ് കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായ നരന്‍ നിര്‍മിച്ചതും ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു. താപ്പാന എന്ന പേരില്‍ മോഹന്‍ലാലിനെ വച്ച് ചിത്രം സംവിധാനം ചെയ്യാനിരുന്ന രഞ്ജന്‍ പ്രമോദിനെ കൊണ്ട് തിരക്കഥ മാത്രമെഴുതിപ്പിക്കുകയും നരന്‍ എന്ന പേരില്‍ ജോഷിയെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കുകയും ചെയ്തതിനു പിന്നിലും ആന്റണിയുടെ കൈകളാണ്. (രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഫോട്ടോഗ്രാഫര്‍ വന്‍പരാജയമായിയെന്നത് ഇതുമായി കൂട്ടിവായിക്കുക.)

  മോഹന്‍ലാല്‍ ഒരു പൊലീസ് ഓഫീസര്‍ വേഷം ചെയ്തിട്ട് കുറച്ചു കാലമായി. ഒടുവിലായി പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ശ്രദ്ധ, ഒളിമ്പ്യന്‍ അന്തോണി ആദം എന്നീ ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. മോഹന്‍ലാല്‍ സൈനിക ഓഫീസറായി അഭിനയിച്ച കീര്‍ത്തിചക്ര വന്‍വിജയമായ സാഹചര്യത്തില്‍ മോഹന്‍ലാല്‍ ആദ്യന്തം പൊലീസ് ഓഫീസറായി പ്രത്യക്ഷപ്പെടുന്ന ഒരു ചിത്രത്തില്‍ ആരാധകര്‍ക്ക് താത്പര്യം തോന്നുക സ്വാഭാവികം. കരിയറില്‍ മോഹന്‍ലാല്‍ ചെയ്ത പൊലീസ് വേഷങ്ങളുടെ എണ്ണം മറ്റ് സൂപ്പര്‍താരങ്ങളെ അപേക്ഷിച്ച് കുറവാണുതാനും.

  പ്രേക്ഷകര്‍ക്ക് താത്പര്യം തോന്നുന്ന ഇത്തരമൊരു വേഷമാണ് ആന്റണി പെരുമ്പാവൂരിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനുള്ളത്. അതിസമര്‍ത്ഥനായ പൊലീസ് ഓഫീസറായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഷാജി കൈലാസിന്റെ ബാബ കല്യാണി നിര്‍മിക്കുന്നത് ആശീര്‍വാദ് ഫിലിംസാണ്. വിജയസാധ്യതയുള്ള മറ്റൊരു ഫോര്‍മുലയാണ് പുതിയ ലാല്‍ ചിത്രത്തിനായി ആന്റണി തേടിപ്പിടിച്ചിരിക്കുന്നത്.

  സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ടീമിന്റെ ചിത്രങ്ങള്‍ പോലെ തന്നെ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുള്ളതാണ് പ്രിയദര്‍ശന്റെ ലാല്‍ ചിത്രങ്ങള്‍. നര്‍മമുഹൂര്‍ത്തങ്ങള്‍ ലാല്‍ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തിട്ടുള്ളത് പ്രിയദര്‍ശന്‍ ചിത്രങ്ങളിലാണ്. മോഹന്‍ലാലിനെ സാധാരണ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയതില്‍ പ്രിയദര്‍ശന്റെ തമാശ ചിത്രങ്ങളുടെ പങ്ക് വലുതാണ്.

  കാക്കക്കുയില്‍, കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ ചിത്രങ്ങള്‍ വിജയമായില്ലെങ്കിലും പഴയ ശൈലിയില്‍ ആദ്യന്തം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഭാവങ്ങളുമായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഒരു പ്രിയദര്‍ശന്‍ ചിത്രത്തിന്റെ വിജയസാധ്യത ചെറുതല്ല. രസതന്ത്രം പോലെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ചിത്രം തന്റേതായ ശൈലിയില്‍ കോമഡിയുടെ പാത പിന്തുടര്‍ന്നൊരുക്കാന്‍ പ്രിയദര്‍ശന് കഴിഞ്ഞാല്‍ അത് വന്‍വിജയമാവുമെന്ന കാര്യത്തില്‍ സംശയമില്ല. മോഹന്‍ലാലിന്റെ ഒരു മുഴുവന്‍ സമയ കോമഡി ചിത്രമിറങ്ങിയിട്ട് ഏറെയായി.

  ആന്റണി പെരുമ്പാവൂര്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന അടുത്ത ചിത്രം പ്രിയദര്‍ശനാണ് സംവിധാനം ചെയ്യുന്നത്. ഒരു മുഴുവന്‍ സമയ കോമഡി ചിത്രമായിരിക്കും ഇതെന്നാണ് ആന്റണി പെരുമ്പാവൂര്‍ ഈ പ്രൊജക്ടിനെ കുറിച്ച് പറയുന്നത്. പ്രേക്ഷകര്‍ ഏറെയായി കാത്തിരിക്കുന്ന മറ്റൊരു സ്വഭാവത്തിലുള്ള ലാല്‍ കഥാപാത്രം എന്ന സങ്കല്പവുമായാണ് ആന്റണി ഈ ചിത്രത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്നത്.

  വിയറ്റ്നാം കോളനിയാണ് സിദ്ദിഖ് സംവിധാനം ചെയ്ത ഏക മോഹന്‍ലാല്‍ ചിത്രം. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റാക്കിയ സിദ്ദിക്കും ലാലും വീണ്ടും ഒന്നിക്കുന്ന മറ്റൊരു ചിത്രവും ആന്റണിയുടെ പദ്ധതികളില്‍ പെടും.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X