ദിലീപും സൂപ്പര്‍ സംവിധായകരും

By Staff

ദിലീപും സൂപ്പര്‍ സംവിധായകരും
നവമ്പര്‍ 21, 2003

മലയാളത്തിലെ സംവിധായക-താര സമവാക്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങിയത് ഈയിടെയാണ്. അപ്രതീക്ഷിതമായ സൂപ്പര്‍താര സ്ഥാന ലബ്ധി ദിലീപിനെ പോലുള്ള താരത്തിന് വന്നുപെട്ടതോടെ സമവാക്യങ്ങളിലെ മാറ്റം പൂര്‍ണമായി.

സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും സംബന്ധിച്ച ചില നിബന്ധനകള്‍ ഒഴിവാക്കാന്‍ മോഹന്‍ലാലിനെ പോലുള്ള മെഗാതാരം തയ്യാറായത് ഈ മാറ്റത്തിന്റെ ഒരു പ്രധാന ഫലമായിരുന്നു. നവാഗതരായ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ തയ്യാറായത് ഏറെ കാല നിലനിന്നിരുന്ന ചില സംവിധായക-താര സമവാക്യങ്ങളാണ് ഇല്ലാതാക്കിയത്. ഈ മാറ്റത്തിന് മോഹന്‍ലാലിന് നല്ല വിളവ് കിട്ടുകയും ചെയ്തു.

ബാലേട്ടന്‍ പോലൊരു മെഗാഹിറ്റുണ്ടായത് മോഹന്‍ലാലിന്റെ ഈ മാറ്റത്തിന്റെ ഫലമായാണ്. വരാനിരിക്കുന്ന ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വാമനപുരം ബസ് റൂട്ട് തുടങ്ങിയ നവാഗത സംവിധായകരുടെ ചിത്രങ്ങളില്‍ മോഹന്‍ലാലിന് ഏറെ പ്രതീക്ഷയുണ്ട്.

മീശ മാധവനില്‍ നിന്ന് സിഐഡി മൂസയിലെത്തിയതോടെ സൂപ്പര്‍താര പദവിയിലേക്കുയര്‍ന്നുകഴിഞ്ഞ ദിലീപും സമവാക്യങ്ങള്‍ മാറ്റിയെഴുതിയിരിക്കുന്നു. നേരത്തെ ഏറെയും രണ്ടാം കിട സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ദിലീപ് സിനിമയില്‍ അപ്രതീക്ഷിതമായ ഉയരങ്ങളിലെത്തിയതോടെ താന്‍ അഭിനയിക്കുന്ന ചിത്രങ്ങളിലെ സംവിധായകരെ സംബന്ധിച്ച് ചില നിബന്ധനകള്‍ സൃഷ്ടിച്ചിരിക്കുന്നു. ഒന്നാം കിട സംവിധായകരുടെ ചിത്രങ്ങളില്‍ മാത്രമാണ് ദിലീപിന് ഇപ്പോള്‍ നോട്ടം. മാത്രവുമല്ല, ഒന്നാം കിട സംവിധായകര്‍ക്ക് വേണ്ടി മറ്റു സംവിധായകരുടെ ചിത്രങ്ങള്‍ മാറ്റിവയ്ക്കാന്‍ പോലും ദിലീപ് തയ്യാറാവുന്നു.

ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം ജോഷിയുടെ റണ്‍വെയാണ്. സൂപ്പര്‍താരങ്ങളെ മാത്രം നായകരാക്കി ചിത്രമെടുക്കുന്ന ജോഷിയുടെ ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത് ആദ്യമായാണ്. നേരത്തെ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ സൂപ്പര്‍താരങ്ങളെ മാത്രം നായകരാക്കി ചിത്രങ്ങളെടുത്തിരുന്ന (പണ്ടാണെങ്കില്‍ സുകുമാരന്‍, സോമന്‍, ജയന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍) ജോഷി ദിലീപിനെ നായകനാക്കി ചിത്രമൊരുക്കുന്നത് ഈ താരത്തിന് സൂപ്പര്‍താരത്തിന്റെ പരിവേഷം ലഭിച്ചതോടെയാണ്.

ഷാജി കൈലാസാണ് ദിലീപിനെ വച്ച് ചിത്രമൊരുക്കുന്ന മറ്റൊരു സൂപ്പര്‍സംവിധായകന്‍. ഷാജി കൈലാസിന്റെ ചിത്രത്തിലും ദിലീപ് അഭിനയിക്കുന്നത് ആദ്യമായാണ്. ആക്ഷന് പ്രാധാന്യമുള്ളതാണത്രെ ഈ ചിത്രം.

ജോഷിയുടെയും ഷാജി കൈലാസിന്റെയും ചിത്രങ്ങളിലൂടെ ഒരു ആക്ഷന്‍ ഹീറോയാവാനുള്ള ശ്രമവും ദിലീപ് നടത്തുന്നുണ്ട്. സിഐഡി മൂസയിലും മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ രണ്ടാം പകുതിയിലും അല്പം അമാനുഷികനാട്യത്തോടെ പ്രത്യക്ഷപ്പെടുന്ന ദിലീപ് ഇതിന്റെ തുടര്‍ച്ച പരീക്ഷിക്കുകയാണ് ജോഷി, ഷാജി കൈലാസ് ചിത്രങ്ങളില്‍.

പ്രിയദര്‍ശന്‍ ഉടന്‍ ചെയ്യാന്‍ പോവുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍. ജോഷി ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം ദിലീപ് ഈ ചിത്രത്തിലാണ് അഭിനയിക്കുന്നത്. പ്രിയദര്‍ശനെ പോലൊരു സംവിധായകന്റെ ചിത്രം ലഭിച്ചപ്പോള്‍ റാഫി മെക്കാര്‍ട്ടിന്റെ ചിത്രം വേണ്ടെന്നു വയ്ക്കാന്‍ പോലും ദിലീപ് തയ്യാറായി. റാഫി മെക്കാര്‍ട്ടിന്റെ ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റിരുന്ന ദിലീപ് പ്രിയന് ഉടന്‍ ചിത്രം ചെയ്യണമെന്ന് അറിയിച്ചതോടെ പിന്‍മാറ്റം നടത്തുകയായിരുന്നു. തെങ്കാശിപ്പട്ടണത്തിലൂടെ ദിലീപിന് നല്ലൊരു ബ്രേക്ക് നല്‍കിയ റാഫി മെക്കാര്‍ട്ടിനോട് ചിത്രം മാറ്റിവയ്ക്കാനാണ് ദിലീപ് ആവശ്യപ്പെട്ടത്. റാഫി മെക്കാര്‍ട്ടിനാവാട്ടെ പൃഥ്വിരാജിനെ നായകനാക്കി ചിത്രം ചെയ്യാന്‍ തീരുമാനിച്ചു.

ഭദ്രന്റെ എട്ടടി ജോര്‍ജ് ആണ് ദിലീപിന്റെ മറ്റൊരു പ്രൊജക്ട്. സ്ഫടികം പോലുള്ള മെഗാഹിറ്റ് ഒരുക്കിയ ഭദ്രനുമായി ഒന്നിക്കുമ്പോള്‍ ഒരു മെഗാഹിറ്റാണ് ദിലീപ് പ്രതീക്ഷിക്കുന്നത്.

മീശമാധവന് ശേഷം ലാല്‍ ജോസുമായി വീണ്ടും ഒന്നിക്കുന്ന ദിലീപ് മറ്റൊരു അത്ഭുതവിജയത്തിനാണ് ഉറ്റുനോക്കുന്നത്. അത്ഭുതവിളക്ക് എന്നാണ് ലാല്‍ ജോസ് ചിത്രത്തിന്റെ പേര്. സത്യന്‍ അന്തിക്കാട് ജയാറം ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം ദിലീപിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നുണ്ട്.

വിനയന്റെ വാര്‍ ആന്റ് ലൗ ആണ് റിലീസ് ചെയ്യാനിരിക്കുന്ന ദിലീപ് ചിത്രം. ദിലീപിന്റെ സൂപ്പര്‍താര പരിവേഷത്തിനൊപ്പിച്ച് ചെത്തിയെടുത്തതാണ് ഈ ചിത്രത്തിലെ കഥാപാത്രം.

ദിലീപിന്റെ ഉടന്‍ ചെയ്യാനിരിക്കുന്ന എല്ലാ ചിത്രങ്ങളും ഒന്നാം നിര സംവിധായകരുടെ പ്രൊജക്ടുകളാണ്. സിഐഡി മൂസയുടെ സംവിധായകനായ ജോണി ആന്റണിയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് അനൗണ്‍സ് ചെയ്തിരുന്നെങ്കിലും അതിന്റെ പ്രാഥമിക ജോലികള്‍ പോലും തുടങ്ങിയിട്ടില്ല. ഒന്നാം നിര സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിലാണ് ദിലീപിന് ഇപ്പോള്‍ ശ്രദ്ധ. സിനിമാ ലോകത്തെ സമവാക്യങ്ങളിലെ മറ്റൊരു മാറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X