പൃഥ്വിരാജ്-മീര ജോഡി വീണ്ടും
പൃഥ്വിരാജ്-മീര ജോഡി വീണ്ടും
നവംബര്‍ 21, 2005
സ്വപ്നക്കൂട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ജോഡിയാണ് പൃഥ്വിരാജും മീരാ ജാസ്മിനും. പിന്നീട് ചക്രത്തിലും ഇവര്‍ നായികാനായകന്‍മാരായി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇവര്‍ വീണ്ടും ഒന്നിക്കുന്നു.
അന്യര്‍ എന്ന ചിത്രത്തിനു ശേഷം ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കുന്ന നിലാവ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാവുന്നത്. സ്ത്രീകഥാപാത്ര പ്രധാനമായ ഈ ചിത്രത്തില്‍ നായികയായി മീര ഒരു ഇടവേളക്കു ശേഷം വീണ്ടും മലയാളത്തിലെത്തുകയാണ്.
അനന്തഭദ്രമാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിലാവിനു പുറമെ പത്മകുമാറിന്റെ കാക്കി, ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്നിവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങള്‍.
അന്യനില്‍ നായകനായി വേഷമിട്ട ബിജു മേനോന്‍ നിലാവില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, കുളപ്പുള്ളി ലീല, ബിന്ദു പണിക്കര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. ലെനിന്‍ രാജേന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് രമേഷ് നാരായണനാണ് ഈണം പകരുന്നത്. ചിത്രത്തില്‍ അഞ്ചു ഗാനങ്ങളുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠന്‍.


Click it and Unblock the Notifications