twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുത്ത് വീണ്ടും പൊട്ടനായി!

    By Staff
    |

    സിനിമ പ്രതീക്ഷിച്ചതു പോലെ പ്രേക്ഷകരെ ആകര്‍ഷിക്കാതാവുകയും കളക്ഷന്‍ കുറയുകയും ചെയ്യുമ്പോള്‍ ചില ഭാഗങ്ങള്‍ മാറ്റി ഷൂട്ട് ചെയ്യുകയും ക്ലൈമാക്സ് അഴിച്ചുപണിയുകയും പുതുതായി ചിത്രീകരിച്ച ഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തി പരീക്ഷണം നടത്തുകയും ചെയ്യുന്നത് മലയാളത്തില്‍ പുതിയ സംഭവമല്ല. എന്നാല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി റീലിസ് ചെയ്തതിനു ശേഷം സിനിമയുടെ പേര് മാറ്റുന്നത് മലയാളത്തില്‍ അപൂര്‍വമാണ്.

    തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ലോഹിതദാസിന്റെ ദിലീപ് നായകനായ ചിത്രത്തിനാണ് റിലീസ് ചെയ്ത് പത്ത് ദിവസത്തിനു ശേഷം പുതിയ പേര് നല്‍കിയിരിക്കുന്നത്. ചക്കരമുത്ത് എന്ന പേര് മാറ്റി. പകരം ചക്കരപ്പൊട്ടന്‍ എന്ന് പുതിയ പേര്. ഷൂട്ടിഗ് തുടങ്ങുന്നതിന് മുമ്പു തന്നെ തീരുമാനിച്ചിരുന്ന പേരാണ് ചക്കരപ്പൊട്ടന്‍ എന്നതാണ് ഏറെ കൗതുകകരം.

    ദിലീപ് നായകനായ ചിത്രത്തിന് ചക്കരപ്പൊട്ടന്‍ എന്ന് പേരിടുന്നതില്‍ എന്തോ ചില പ്രശ്നങ്ങളുണ്ടെന്ന തോന്നലാണ് പൊട്ടന്‍ മുത്താവാന്‍ കാരണം. എന്നാല്‍ ചിത്രം വിചാരിച്ചതു പോലെ പ്രേക്ഷകര്‍ സ്വീകരിച്ചില്ല. അതോടെ മുത്ത് വീണ്ടും പൊട്ടനായി. പേരിലെ പൊട്ടന്‍ ചിത്രത്തെ രക്ഷിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പുതിയ വിശ്വാസം.

    ചിത്രം പുറത്തിറങ്ങി പേരു മാറ്റിയ സംഭവം മലയാളത്തില്‍ മുമ്പുമുണ്ടായിട്ടുണ്ട്. അത് പക്ഷേ മുത്തിനെ പൊട്ടനാക്കിയതു പോലുള്ള ഒരു പേരുമാറ്റമായിരുന്നില്ല. പേരിടാത്ത ചിത്രം എന്ന പേരില്‍ തിയേറ്ററുകളിലെത്തിയ മുകേഷ് നായകനായ ചിത്രം കാണുന്ന പ്രേക്ഷകര്‍ക്ക് പേര് നിര്‍ദേശിക്കാന്‍ അവസരം നല്‍കുകയായിരുന്നു. മികച്ച പേര് നിര്‍ദേശിക്കുന്നയാള്‍ക്ക് സമ്മാനവും. കൂടുതല്‍ പേരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാനുള്ള വിപണനതന്ത്രമായിരുന്നു ഇതിന് പിന്നില്‍. പ്രേക്ഷകര്‍ നിര്‍ദേശിച്ച പേരുകളില്‍ നിന്ന് ഒരു പേര് തിരഞ്ഞെടുക്കുകയും റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കു ശേഷം ചിത്രത്തിന് ടോക്കിയോനഗറിലെ വിശേഷങ്ങള്‍ എന്ന് പേരിടുകയും ചെയ്തു.

    ഹരികൃഷ്ണന്‍സ്, ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ ക്ലൈമാക്സ് മാറ്റി ഷൂട്ട് ചെയ്ത് പുതിയ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ ചിത്രത്തിന്റെ പേരിനാണ് കുഴപ്പമെന്ന കണ്ടുപിടിത്തത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരു പേരുമാറ്റം മലയാളത്തില്‍ ആദ്യം.

    ചക്കരമുത്ത് എന്ന ചക്കരപ്പൊട്ടന്റെ ക്ലൈമാക്സും മാറ്റിയിട്ടുണ്ടത്രെ. നേരത്തെ ചിത്രം ദുരന്തപര്യവസായിയായിരുന്നു. എന്നാല്‍ ചക്കരമുത്ത് ചക്കരപ്പൊട്ടനായതോടെ ക്ലൈമാക്സിലെ ട്രാജഡി മാറി. ദുരന്താന്ത്യത്തിനു പകരം നായികയും നായികയും ഒന്നിച്ച് പ്രേക്ഷകരെ കണ്ണീര്‍ക്കടലില്‍ നിന്നും കര കയറ്റുന്നു.

    വാല്‍ക്കഷ്ണം: ഈ പൊട്ടനെ മുത്തെന്ന് വിളിക്കുന്നവന്‍ പൊട്ടനാണെന്ന തിരിച്ചറിവാണോ ഈ പേരുമാറ്റത്തിന് പിന്നില്‍?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X