മമ്മൂട്ടി സ്വന്തം കാലുകള്‍ ഷൂട്ട് ചെയ്തു
നായക നടന്‍ തന്റെ ഷോട്ട് മൂവിക്യാമറ ഉപയോഗിച്ച് സ്വയമെടുക്കുക- സിനിമയുടെ ചിത്രീകരണത്തിന് ഇങ്ങനൊരു മാര്‍ഗം സ്വീകരിക്കുന്നത് അപൂര്‍വമാണ്. ബ്ലെസ്സിയുടെ പളുങ്കിനു വേണ്ടി മമ്മൂട്ടി ആ അപൂര്‍വത ഏറ്റെടുത്തു.
സ്വന്തം കാലുകളാണ് മൂവി ക്യാമറ ഉപയോഗിച്ച് മമ്മൂട്ടി ഷൂട്ട് ചെയ്തത്. സിനിമയില്‍ നായകന്‍ നടന്നുവരുന്നതും മറ്റും അതിനാടകീയമായി അവതരിപ്പിക്കുന്നത് പതിവാണ്. അതൊന്നും സ്വയം ഷൂട്ട് ചെയ്യാന്‍ നായകന് ബുദ്ധിമുട്ടേണ്ടി വരാറില്ല. എന്നാല്‍ പളുങ്കിലെ നായകന്റെ കാലുകള്‍ കാണിക്കുന്ന ഷോട്ട് ഒട്ടും നാടകീയതയില്ലാത്തതാണ്. അത് സംവിധായകന്‍ സങ്കല്പിച്ചതു പോലെ ഷൂട്ട് ചെയ്യാന്‍ നായകനല്ലാതെ മറ്റാര്‍ക്കും കഴിയില്ലായിരുന്നു.
കുട്ടികളുടെ പഠിപ്പ് നല്ല രീതിയില്‍ നടക്കുന്നതിന് മലയോര ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് താമസം മാറ്റിയ മോണിച്ചന്‍ എന്ന കര്‍ഷകനാണ് മമ്മൂട്ടി ഈ ചിത്രത്തില്‍. പട്ടണത്തിലെ സ്കൂളില്‍ കുട്ടികളെ ചേര്‍ത്ത ശേഷം ഒരു ദിവസം അവര്‍ക്കുള്ള ബാഗുകളും വാട്ടര്‍ ബോട്ടിലുകളുമൊക്കെയായി മോണിച്ചന്‍ സ്കൂള്‍ വരാന്തയിലൂടെ നടന്നുവരുന്ന രംഗമാണ് ചിത്രീകരിക്കുന്നത്.
ബാഗും വാട്ടര്‍ ബോട്ടിലുമൊക്കെ താങ്ങിപ്പിടിച്ച് വരാന്തയിലൂടെ നടന്നുവരുമ്പോള്‍ മോണിച്ചന്റെ സാധാരണ പ്ലാസ്റിക് ചെരിപ്പില്‍ നിന്ന് സുഖകരമല്ലാത്ത ശബ്ദമുയര്‍ന്നു. ക്ലാസ് നടക്കുന്നതിനിടയില്‍ വരാന്തയിലെ നിശബ്ദതയെ ആ ശബ്ദം ഭേദിച്ചു. അരോചകമായ ആ ശബ്ദം തുടര്‍ന്നപ്പോള്‍ ക്സാസ്മുറിയിലെ ഒരു ടീച്ചര്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കരുതെന്ന് കല്പിച്ചു.
മോണിച്ചന്‍ ആദ്യം ഒന്ന് പതറി. പിന്നെ ശബ്ദത്തിന്റെ ഉറവിടത്തിലേക്ക് അയാളുടെ കണ്ണുകള്‍ പാഞ്ഞു. കാലിലെ പ്ലാസ്റിക് ചെരിപ്പാണ് ശബ്ദമുണ്ടാക്കുന്നത്.
തന്റെ കാലിലെ ചെരിപ്പുകളിലേക്ക് മോണിച്ചന്‍ നോക്കുന്ന ഷോട്ടാണ് ചിത്രീകരിക്കേണ്ടത്. മോണിച്ചന്റെ കാഴ്ചയിലെ കാലുകളുടെ ദൃശ്യമാണ് ഷൂട്ട് ചെയ്യേണ്ടത്. മോണിച്ചന്‍ നോക്കുന്ന ആംഗിളില്‍ അത് ഷൂട്ട് ചെയ്യണം. അത് മോണിച്ചനായ മമ്മൂട്ടിക്ക് മാത്രമല്ലേ ഷൂട്ട് ചെയ്യാനാവൂ. മമ്മൂട്ടി അതിനൊന്നും മെനക്കൊടന്‍ തയ്യാറല്ലെങ്കില്‍ ക്യാമറാമാന്‍ സ്വന്തം കാലുകള്‍ ഷൂട്ട് ചെയ്ത് അത് മമ്മൂട്ടിയുടെ കാലുകളായി ചിത്രത്തില്‍ കാണിക്കേണ്ടിവരും.
ഏതായാലും അതൊന്നും വേണ്ടിവന്നില്ല. അഭിനയിക്കുന്നതിനൊപ്പം തന്റെ ഷോട്ട് ക്യാമറയില്‍ പകര്‍ത്തുകയെന്ന ദൗത്യം മമ്മൂട്ടി സന്തോഷത്തോടെ ഏറ്റെടുത്തു. അത് ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു.


Click it and Unblock the Notifications