വാസ്കോഡഗാമയായി മോഹന്‍ലാല്‍
വാസ്കോഡഗാമ എന്നാണ് അയാളുടെ പേര്. ചരിത്രപുരുഷന്റെ പേരാണ് കിട്ടിയിരിക്കുന്നതെങ്കിലും കൂട്ടുകാര്‍ അവനെ വിളിക്കുന്ന പേര് തല എന്നാണ്.
വാസ്കോഡഗാമ എന്ന് പേരിടുമ്പോള്‍ അവന്‍ ചരിത്രപുരുഷനെ പോലെ വലിയവനാകണം എന്നായിരുന്നു അവന്റെ അച്ഛന്റെ ആഗ്രഹം. എന്നാല്‍ അവന്‍ വളര്‍ന്നത് തീര്‍ത്തും വിരുദ്ധമായ ദിശയിലാണ്. ജീവിതത്തില്‍ ഒരു ഉത്തരവാദിത്തവുമില്ലാതെ തല തിരിഞ്ഞു നടക്കുന്ന ഒരു സംഘം ചെറുപ്പക്കാരുടെ തലവനാണ് അവന്‍.
അവിവാഹിതനായ വാസ്കോഡഗാമ കൂട്ടുകാര്‍ക്കു വേണ്ടി എന്തും ചെയ്യും. അച്ഛനേക്കാളും അമ്മയേക്കാളും അവന് വലുതാണ് കൂട്ടുകാര്‍ എന്ന് പറഞ്ഞാലും അധികമല്ല. വാസ്കോഡഗാമയുടെ പല പ്രവൃത്തികളും കൗതുകരമായിരുന്നു.
പൂര്‍ണമായും കോമഡി ട്രാക്കിലുള്ള ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായിട്ട് വര്‍ഷങ്ങളായി. അങ്ങനൊരു വേഷമാണ് ഛോട്ടാ മുംബൈയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വാസ്കോഡഗാമ എന്ന വിചിത്രമായ പേരിനുടമയായ ചെറുപ്പക്കാരന്‍ വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒരു കോമഡി കഥാപാത്രമായിരിക്കും.
രാജമാണിക്യത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛോട്ടാ മുംബൈ. ഭാവനയാണ് നായിക. ഒരു ഓട്ടോ ഡ്രൈവറായാണ് ഭാവന ചിത്രത്തില്‍ അഭിനയിക്കുന്നത്.
വാസ്കോഡഗാമയുടെ കൂട്ടുകാരായി ഇന്ദ്രജിത്ത്, മണിക്കുട്ടന്‍, സലിംകുമാര്‍, ബിജുക്കുട്ടന്‍ എന്നിവരാണ് അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ അച്ഛനായി സായികുമാര്‍ വേഷമിടുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണ്. വില്ലന്‍ കഥാപാത്രമായി വേഷമിടുന്നത് കലാഭവന്‍ മണിയാണ്.
ബെന്നി പി.നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് രാഹുല്‍രാജ് സംഗീതം പകരുന്നു.


Click it and Unblock the Notifications