റംസാന് ഹരിഹരന്‍പിള്ള എത്തി
റംസാന് ഹരിഹരന്‍പിള്ള എത്തി
നവമ്പര്‍ 24, 2003
റംസാന്‍ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഇത്തവണ ഏഴ് ചിത്രങ്ങളാണെത്തുന്നത്. മോഹന്‍ലാലിന്റെയും ദിലീപിന്റെയും പൃഥ്വിരാജിന്റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങള്‍ ഇത്തവണ റംസാന് റിലീസ് ചെയ്യുന്നുണ്ട്.
ബാലേട്ടന് ശേഷം റിലീസായ മോഹന്‍ലായ ചിത്രമാണ് ഹരിഹരന്‍പിള്ള ഹാപ്പിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസായ ഈ ചിത്രം മറ്റൊരു മെഗാഹിറ്റ് പ്രതീക്ഷയോടെയാണ് വിപണിയിലെത്തിയിരിക്കുന്നത്. നവാഗതനായ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജ്യോതിര്‍മയിയാണ് നായിക. ജോണി സാഗരിക നിര്‍മിക്കുന്ന ചിത്രത്തില്‍ ബാലേട്ടനെ പോലെ സാധാരണക്കാരനായ ഹരിഹരന്‍പിള്ള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
രഞ്ജിത്തിന്റെ തിരക്കഥയില്‍ പത്മകുമാര്‍ സംവിധാനം ചെയ്യുന്ന അമ്മക്കിളികൂട് എന്ന ചിത്രത്തില്‍ പൃഥ്വിരാജും നവ്യാനായരുമാണ് നായികാനായകന്മാര്‍. ഒരു വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയസ്പര്‍ശിയായ കഥയാണ് അമ്മക്കിളിക്കൂട് പറയുന്നത്.
വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മുല്ലവള്ളിയും തേന്മാവും സ്വപ്നക്കൂടിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രമാണ്. കടല്‍ത്തീരത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയകഥ പറയുന്ന ഈ ചിത്രത്തിലെ നായിക തമിഴ് നടി മിന്നുവാണ്. ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമാണിത്.
അമ്മക്കിളികൂട്, മുല്ലവള്ളിയും തേന്മാവും എന്നിവ റംസാന് ഉറപ്പിച്ച ചിത്രങ്ങളാണ്. നാല് ചിത്രങ്ങള്‍ കൂടി റംസാനെത്തുമെന്നാണ് അനൗണ്‍സ് ചെയ്തിരിക്കുന്നത്. ഇവയില്‍ രണ്ട് ചിത്രങ്ങളെങ്കിലും റംസാന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിനയന്‍ സംവിധാനം ചെയ്യുന്ന വാര്‍ ആന്റ് ലൗ ആണ് ദിലീപിന്റെ റംസാന്‍ ചിത്രം. ഈ ചിത്രം കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുന്നു. ഷൂട്ടിംഗ് ഇടയ്ക്കുവച്ച് നിന്നുപോയതിന് ശേഷം വിനയന്‍ വീണ്ടും തിരക്കിട്ട് ചിത്രീകരണം തുടങ്ങുകയായിരുന്നു. ലൈലയാണ് ചിത്രത്തിലെ ദിലീപിന്റെ നായിക. പ്രഭു, കലാഭവന്‍ മണി, ജഗദീഷ്, അമരീഷ്പുരി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ഹരികുമാറിന്റെ പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. വിവാഹമോചനവും തുടര്‍ന്നുണ്ടാവുന്ന പിരിമുറുക്കവും വ്യക്തികളില്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷത്തെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്. ലക്ഷ്മി ഗോപാലസ്വാമിയാണ് നായിക.
ജിഷ്ണു നായകനാവുന്ന ചൂണ്ട, ജയസൂര്യയും ജിഷ്ണുവും കാവ്യാമാധവനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടുവീലര്‍ എന്നിവയും റംസാന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചൂണ്ടയില്‍ ഗീതു മോഹന്‍ദാസാണ് നായിക. ടുവീലര്‍ സംവിധാനം ചെയ്തിരിക്കുന്നത് സനലാണ്.


Click it and Unblock the Notifications