മലയാളത്തില്‍ വീണ്ടും ഡബിള്‍റോള്‍ തരംഗം
മലയാളത്തില്‍ വീണ്ടും ഡബിള്‍റോള്‍ തരംഗം
നവംബര്‍ 25, 2001
മമ്മൂട്ടിയും മോഹന്‍ലാലും ഡബിള്‍റോള്‍ ചെയ്ത ദാദാസാഹിബും രാവണപ്രഭുവും വന്‍വിജയങ്ങളായത് മലയാള സിനിമയില്‍ ഒരു ഡബിള്‍ റോള്‍ തരംഗത്തിന് തന്നെ തുടക്കമിട്ടിരിക്കുകയാണ്.
അണുകുടുബം.കോം എന്ന ചിത്രത്തില്‍ സുരേഷ്ഗോപി ഡബിള്‍റോള്‍ ചെയ്യുമ്പോള്‍ മുകേഷും ദിലീപും തങ്ങളുടെ അടുത്ത ചിത്രങ്ങളില്‍ ഇരട്ടവേഷങ്ങളിലെത്തുകയാണ്. നകുലനും സഹദേവനും എന്ന ചിത്രത്തിലാണ് മുകേഷ് ഇരട്ടവേഷം ചെയ്യുന്നത്. കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലൂടെ ദിലീപും ഡബിള്‍റോള്‍ പരീക്ഷണത്തിനിറങ്ങുകയാണ്.
രണ്ടു താരങ്ങള്‍ ഇരട്ടവേഷത്തിലെത്തുന്ന ഒരു ചിത്രവും ചിത്രീകരണത്തിനൊരുങ്ങുകയാണ്.ജഗതി ശ്രീകുമാറും ജഗദീഷുമാണ് ജഗതി ജഗദീഷ് ഇന്‍ ടൗണ്‍ എന്നനിസാറിന്റെ ചിത്രത്തില്‍ ഇരട്ടവേഷം ചെയ്യുന്നത്. ഒരു തമിഴ്ചിത്രത്തില്‍ ജയറാമും ഇരട്ടേവഷം ചെയ്യുന്നു- അഛനും മകനുമായി.
പല ചിത്രങ്ങളിലായി നടന്മാര്‍ ഇരട്ടവേഷങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കെ. പി. എ. സി. ലളിതയും ഇരട്ടവേഷ പരീക്ഷണം നടത്തുകയാണ് സുനിലിന്റെ ചിത്രത്തില്‍. ഗ്രാന്റ്മദര്‍ എന്ന ചിത്രത്തില്‍ എണ്‍പതു വയസായ മുത്തശിയായും അവരുടെ അനിയത്തിയായും കെപിഎസി ഇരട്ടവേഷത്തിലെത്തുന്നതും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാകും.
ഒരു കാലത്ത് ജയന്റെയും പ്രേംനസീറും ഇരട്ടവേഷങ്ങള്‍ സ്ക്രീനില്‍ വിസ്മയത്തോടെ കണ്ടിരുന്ന പ്രേക്ഷകര്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇരട്ടവേഷങ്ങളില്‍ എത്തുന്നത് ഇന്നും കൗതുകത്തോടെയാണ് കാണുന്നന്നത്. ഒരേ സിനിമയില്‍ ഇരട്ടവേഷത്തിലെത്തുന്ന വിരുദ്ധ സ്വഭാവക്കാരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജയനും നസീറും കൈയടി വാങ്ങിയിരുന്ന ഒരു കാലം മലയാളത്തിലുണ്ടായിരുന്നു. ആ കാലത്തെ ഡബിള്‍റോള്‍ തരംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോള്‍ മലയാളത്തില്‍ അലയടിക്കുന്ന ഡബിള്‍റോള്‍ പരീക്ഷണം.
ജയന്റെ കാലത്തിനു ശേഷവും ഇരട്ടവേഷങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നെങ്കിലും അതൊരു തരംഗമായി വീണ്ടുമെത്തുന്നത് ഇപ്പോഴാണ്. എന്നാല്‍ രാവണുപ്രഭുവില്‍ വൃദ്ധനായ അഛനും ഊര്‍ജ്വസ്വലനായ മകനുമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ തിയേറ്ററിലുണ്ടായ കൈയടി കണ്ട്, അനുകരണഭ്രമക്കാരായ സംവിധായകര്‍ ഡബിള്‍റോള്‍ തരംഗത്തിന് പിന്നാലെ പോകുമ്പോള്‍ ഡബിള്‍റോള്‍ സിനിമകളുടെ പരാജയം കൂടി ഓര്‍ക്കുന്നത് നന്നാവും. മോഹന്‍ലാല്‍ നേരത്തെ ഇരട്ടവേഷം ചെയ്ത മായാമയൂരവും മമ്മൂട്ടി അഛനും മകനുമായെത്തിയ പരമ്പരയും ബോക്സോഫീസില്‍ പരാജയമായിരുന്നു. ഒട്ടേറെ ഡബിള്‍റോള്‍ പരീക്ഷണങ്ങള്‍ ചെയ്ത കമലഹാസന്റെ (നാല് കഥാപാത്രങ്ങളെ വരെ ഒരു ചിത്രത്തില്‍ കമലഹാസന്‍ അവതരിപ്പിച്ചിട്ടുണ്ട്.) തമിഴ്ചിത്രമായ ആളവന്താന്റെ പരാജയമാണ് ഏറ്റവുമൊടുവിലത്തെ ഉദാഹരണം.


Click it and Unblock the Notifications