ബ്ലെസ്സിയും മോഹന്‍ലാലും ഒന്നിക്കുന്നു
ബ്ലെസ്സിയും മോഹന്‍ലാലും ഒന്നിക്കുന്നു
നവംബര്‍ 26, 2004
കാഴ്ചക്കും ബ്ലെസ്സിക്കും കിട്ടിയ കൈയടി ഇനിയും നിലച്ചിട്ടില്ല. പത്മരാജനും ഭരതനും വിടവാങ്ങിയതിന് ശേഷം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് മലയാളത്തിലുണ്ടായ വേറിട്ടുനില്‍ക്കുന്ന, മികച്ച സിനിമയെന്ന് നിരൂപകര്‍ വിശേഷിപ്പിച്ചപ്പോള്‍ തന്നെ കാഴ്ച ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
ഏറെ കാലത്തിന് ശേഷമാണ് ഒരു നവാഗത സംവിധായകന്റെ ചിത്രം മലയാളത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. വര്‍ഷങ്ങളായി വിവിധ സംവിധായകരുടെ സഹായിയായി സിനിമയുടെ ലോകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു സിനിമാ പ്രവര്‍ത്തകന്‍ ആദ്യമായി സ്വതന്ത്രസംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒന്നാം നിര സംവിധായകരുടെ നിരയിലേക്ക് ഉയരുന്ന കാഴ്ചയാണ് കാഴ്ചയിലൂടെ കണ്ടത്.
കാഴ്ചയിലെ മാധവന്‍ എന്ന കഥാപാത്രം മമ്മൂട്ടിക്ക് മാത്രമിണങ്ങുന്നതാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ചിത്രത്തില്‍ സൂപ്പര്‍താരത്തിന്റെ സാന്നിധ്യം ബ്ലെസ്സി ഉറപ്പുവരുത്തിയത്. നവാഗത സംവിധായകനാണെങ്കിലും ബ്ലെസ്സിക്ക് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടിക്ക് മടിയുണ്ടായില്ല.
മമ്മൂട്ടിയോടൊപ്പമാണ് ബ്ലെസ്സി ആദ്യചിത്രമൊരുക്കിയതെങ്കില്‍ കാഴ്ചക്ക് ശേഷമൊരുക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ നായകനാവുന്നത് മോഹന്‍ലാലാണ്. ബ്ലെസ്സിയുടെ മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ചിത്രത്തിന് തിരക്കഥയെഴുതുന്നത് ബ്ലെസ്സി തന്നെയായിരിക്കും. കാഴ്ചയുടെ തിരക്കഥയും ബ്ലെസ്സിയാണെഴുതിയത്.
ആശിര്‍വാദ് സിനിമയുടെ ബാനറിലായിരിക്കും ചിത്രം നിര്‍മിക്കുന്നത്. കണ്ടുപഴകിയ തരം വേഷങ്ങളുടെ ആവര്‍ത്തനത്തില്‍ നിന്നുള്ള മോചനമായിരിക്കും മോഹന്‍ലാലിന് ഈ ചിത്രം. ചിത്രത്തിന്റെ മറ്റ് കാര്യങ്ങള്‍ തീരുമാനിച്ചുവരികയാണ്.
കാഴ്ചയില്‍ പ്രതിഭാശാലിയായ ഒരു സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സാന്നിധ്യമാണ് പ്രേക്ഷകര്‍ കണ്ടത്. അതുകൊണ്ടുതന്നെ ബ്ലെസ്സിയുടെ രണ്ടാമത്തെ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകളുണ്ട്.


Click it and Unblock the Notifications