ബുദ്ധനെ കുറിച്ച് ചിത്രം; ഐശ്വര്യ നായിക
ബുദ്ധനെ കുറിച്ച് ചിത്രം; ഐശ്വര്യ നായിക
നവംബര്‍ 27, 2004
ലോകപ്രശസ്ത ചലച്ചിത്ര സംവിധായകനായ ശേഖര്‍ കപൂര്‍ ശ്രീബുദ്ധന്റെ ജീവിതകഥ ആസ്പദമാക്കി ഒരു ചിത്രം ഒരുക്കുന്നു. ഹോളിവുഡ് നടന്‍ ബ്രാഡ്പിറ്റും ബോളിവുഡ് താരം ഐശ്വര്യറായിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബുദ്ധ എന്നാണ് ചിത്രത്തിന്റെ പേര്.
ഇംഗ്ലീഷിലാണ് ചിത്രമൊരുക്കുന്നത്. പിന്നീട് മറ്റ് ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്യും. ഐശ്വര്യ അഭിനയിച്ച ആദ്യത്തെ ഇംഗ്ലീഷ് ചിത്രം ബ്രൈഡ് ആന്റ് പ്രജുഡൈസ് പുറത്തിറങ്ങിയത് ഈയിടെയാണ്. ഇംഗ്ലീഷില്‍ ഒരുക്കുന്ന ചാവോസ്, മിസ്ട്രസ് ഒഫ് സ്പൈസസ് എന്നീ ചിത്രങ്ങളിലും ഐശ്വര്യാറായി അഭിനയിക്കുന്നുണ്ട്.
ബാന്റിറ്റ് ക്വീന്‍ എന്ന ചിത്രത്തിലൂടെ ലോകനിലവാരത്തിലുള്ള സംവിധായകനെന്ന നിലയില്‍ വളര്‍ന്ന ശേഖര്‍ കപൂര്‍ ഹഡ്രഡ് ഡെയ്സ് ഒഫ് ഡാര്‍ക്ക്നസ് എന്ന ചിത്രത്തിന്റെ ജോലികളിലാണ് ഇപ്പോള്‍. 1994ല്‍ റുവാണ്ടയില്‍ നടന്ന വംശഹത്യയെ കുറിച്ചാണ് ഈ ചിത്രം. ഹഡ്രഡ് ഡെയ്സ് ഒഫ് ഡാര്‍ക്ക്നസ് പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത വര്‍ഷം ബുദ്ധയുടെ ചിത്രീകരണം ആരംഭിക്കും.
ഡോ. ദീപക് ചോപ്രയാണ് ബുദ്ധയുടെ തിരക്കഥ രചിക്കുന്നത്. 50 കോടി രൂപ ബഡ്ജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മക്കോര്‍പ്പ് ഗ്ലോബല്‍ ആണ്.


Click it and Unblock the Notifications