മീന മാറി, പകരം കാര്‍ത്തിക
സുരേഷ് ഗോപി നായകനാവുന്ന വിനയന്റെ ബ്ലാക്ക് ക്യാറ്റില്‍ കാര്‍ത്തിക നായിക. നേരത്തെ മീനയെ നായികയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് കാര്‍ത്തികയെ നായികയാക്കാന്‍ തീരുമാനിച്ചു.
ഇത് രണ്ടാമത്തെ തവണയാണ് കാര്‍ത്തിക സുരേഷ് ഗോപിയുടെ നായികയാവുന്നത്. റിലീസ് ചെയ്യാനിരിക്കുന്ന ജോഷി ചിത്രം ജന്മത്തില്‍ കാര്‍ത്തിക സുരേഷ് ഗോപിയുടെ ഭാര്യയായാണ് വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ കഥയില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്ന മീനാക്ഷി എന്ന കഥാപാത്രത്തെയാണ് കാര്‍ത്തിക അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ അച്ഛന്‍ തരകന്‍ മുതലാളിയുടെ ബോര്‍ഡി ഗാര്‍ഡാണ് ബ്ലാക്ക്. ഇരുപത് കുറ്റി പുട്ടും നാലു കൊട്ട ചോറും ഒറ്റയടിക്ക് അകത്താക്കുന്ന വമ്പനാണ് ബ്ലാക്ക്.
എന്നാല്‍ ഒരു വിനോദയാത്രയ്ക്കിടെ തകരന്‍ മുതലാളിയുടെ വീട്ടിലെത്തിയ മീനാക്ഷി ബ്ലാക്കിനെ കണ്ട് ഞെട്ടി. മുംബൈയിലെ കരുത്തനായ രമേശ് ശര്‍മയാണ് ബ്ലാക്കെന്ന് അവള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തി. അതോടെ ബ്ലാക്കിന്റെ കഥ പുതിയ വഴിത്തിരിവിലായി.
രാജന്‍ പി.ദേവ്, നെടുമുടി വേണു, തിലകന്‍, സിദ്ദിഖ്, ആശിഷ് വിദ്യാര്‍ത്ഥി, ജഗതി, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ബാബുരാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications