ഉണ്ണിത്താന്‍ മോഹന്‍ലാല്‍ ചിത്രത്തില്‍
ഉണ്ണിത്താന്‍ മോഹന്‍ലാല്‍ ചിത്രത്തില്‍
നവംബര്‍ 28, 2005
തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പോടെ സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോക്ക് നടത്തിയെങ്കിലും രാജ്മോഹന്‍ ഉണ്ണിത്താന്റെ തീരുമാനം സിനിമാരംഗത്തു ഉറച്ചുനില്‍ക്കാന്‍ തന്നെയാണ്. പുതിയ ഒരു ചിത്രത്തിനു കൂടി അദ്ദേഹം ഡേറ്റ് നല്‍കിയിരിക്കുന്നു.
മോഹന്‍ലാല്‍ നായകനാവുന്ന കനല്‍ എന്ന ചിത്രത്തിലാണ് ഉണ്ണിത്താന്‍ വില്ലനായി വീണ്ടും പ്രത്യക്ഷപ്പെടുന്നത്. വിജി തമ്പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ആദ്യചിത്രം ഇതുവരെ റിലീസായില്ലെങ്കിലും ഉണ്ണിത്താന്റെ ക്രെഡിറ്റില്‍ ഇതുവരെ മൂന്ന് ചിത്രങ്ങളായി കഴിഞ്ഞു. മൂന്നും സൂപ്പര്‍താര ചിത്രങ്ങളാണെന്ന പ്രത്യേകത കൂടിയുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈഗറില്‍ മുഖ്യമന്ത്രിയായി വേഷമിട്ട ഉണ്ണിത്താന്‍ ഇപ്പോള്‍ അഭിനയിച്ചുവരുന്നത് മമ്മൂട്ടി ചിത്രം ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലാണ്. ഇതിലും ഉണ്ണിത്താന് വില്ലന്‍ വേഷമാണ്. സുരേഷ്ഗോപിയുടെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ക്കു പിന്നാലെയാണ് ഉണ്ണിത്താന്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications