മുരുകനായി ജീവിക്കുന്ന മമ്മൂട്ടി
ഒടുവിലായി അഭിനയിച്ച അരഡസനോളം ചിത്രങ്ങളില്‍ മമ്മൂട്ടിയെന്ന നടനെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. മമ്മൂട്ടിയെന്ന സൂപ്പര്‍താരം മാത്രമാണ് ആ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നത്.
താരമൂല്യത്തിന്റെ പുതിയ പടവുകള്‍ കയറാന്‍ കച്ചവടവിജയം മാത്രം ലക്ഷ്യമിട്ട് ഒരുക്കിയ മസാലകളില്‍ കോമഡി പരിവേഷമുള്ള നായകനും വീരകൃത്യങ്ങള്‍ ചെയ്യുന്ന കഥാപാത്രവുമായിരുന്നു മമ്മൂട്ടി. അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രം പോലും അതിനിടെ മമ്മൂട്ടി സ്വീകരിച്ചില്ല. എന്നാല്‍ കമലിന്റെ കറുത്ത പക്ഷികള്‍ അത്തരം കഥാപാത്രങ്ങളില്‍ നിന്ന് മമ്മൂട്ടിക്ക് മോചനം നല്‍കുന്നു. ഈ ചിത്രത്തിലെ തമിഴനായ ഇസ്തിരിക്കാരന്‍ മുരുകന്‍ എന്ന കഥാപാത്രം മമ്മൂട്ടിയിലെ നടനെ വീണ്ടെടുക്കുകയാണ്.
തന്റെ മക്കള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന മുരുകന്‍ ജീവിതമാര്‍ഗത്തിനായി തേപ്പുജോലി ചെയ്യുന്നു. അന്ധയായ ഇളയ മകള്‍ക്ക് കാഴ്ച നല്‍കുകയാണ് അയാളുടെ സ്വപ്നം. അതിനുള്ള ഒരു വഴി തെളിഞ്ഞുവന്നപ്പോള്‍ അയാളുടെ മനസ് തുടിക്കുകയാണ്. എന്നാല്‍ പ്രതീക്ഷകളും സ്വപ്നങ്ങളും ഒടുവില്‍ തകര്‍ന്നുപോവുമ്പോള്‍ അയാളുടെ മുഖത്ത് ദൈന്യം മാത്രം തെളിയുന്നു.
ജീവിതത്തിന്റെ ദൈന്യതകളിലൂടെ കടന്നുപോകുന്ന മുരുകന്‍ എന്ന പാവം തമിഴനെ അവതരിപ്പിച്ചിക്കുന്ന മമ്മൂട്ടി അഭിനയപാടവത്തിന്റെ പുതിയ മുഖമാണ് വെളിവാക്കുന്നത്. കഥാപാത്രമായി മാറാന്‍ അനായാസമായി മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇസ്തിരിക്കാരന്‍ മുരുകന് പുതിയൊരു ശരീരഭാഷ പകര്‍ന്നാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മുരുകന്റെയുള്ളിലെ ആഴപ്പരപ്പുള്ള സ്നേഹവും ജീവിതത്തിലെ ദൈന്യങ്ങളില്‍ ഉഴലുന്ന മനസും ശരീരചലനങ്ങളിലൂടെ വെളിവാക്കാന്‍ മമ്മൂട്ടി എന്ന നടന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അഭിനയത്തിന്റെ മര്‍മമറിയുന്ന ഒരു നടന് മാത്രം കഴിയുന്നതാണ് അത്.
തുടര്‍ച്ചയായ കച്ചവട വിജയങ്ങളുടെ ലഹരിയില്‍ പരദേശി പോലുള്ള സമാന്തരസിനിമകളില്‍ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച നടനാണ് മമ്മൂട്ടി. പുതിയ വിജയങ്ങള്‍ക്കായി തട്ടുപൊളിപ്പന്‍ മസാലകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി താത്പര്യം കാട്ടി. വിചിത്രമായ വേഷഭൂഷകളുമായി രാജമാണിക്യവും തുറുപ്പുഗുലാനും പോലുള്ള വേഷങ്ങള്‍ ചെയ്താല്‍ മതിയെന്ന മനോഭാവം മമ്മൂട്ടിയില്‍ വളര്‍ന്നിരുന്നു. ഈ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ തന്നിലെ നടനിലേക്ക് നോക്കാന്‍ മമ്മൂട്ടി താത്പര്യം കാട്ടിയിരുന്നില്ല. എന്നാല്‍ കറുത്ത പക്ഷികളിലെ മുരുകനിലൂടെ മമ്മൂട്ടി ഒരു ബാലന്‍സിംഗ് നടത്തിയിരിക്കുന്നു. മമ്മൂട്ടിയെന്ന നടന്റെ ശക്തമായ തിരിച്ചുവരവും ഈ ചിത്രം വിളംബരം ചെയ്യുന്നു.


Click it and Unblock the Notifications