പൃഥ്വി-കാവ്യ: പുതിയ ഇഷ്ടജോഡി
ആദ്യചിത്രമായ നന്ദനത്തില്‍ പൃഥ്വിരാജിന്റെ നായിക നവ്യാനായരായിരുന്നു. നായികാപ്രാധാന്യമുള്ള ആ ചിത്രത്തില്‍ ഇരുവരും നല്ല ജോഡികളായിരുന്നു. രണ്ട് ചിത്രങ്ങളില്‍ കൂടി പിന്നീട് ഇവര്‍ നായികാനായകന്‍മാരായി.
അമ്മക്കിളിക്കൂട്, വെള്ളിത്തിര എന്നീ ചിത്രങ്ങള്‍ക്കു ശേഷം പൃഥ്വിരാജും നവ്യാനായരും നായികാനായകന്‍മാരായ ചിത്രങ്ങള്‍ കണ്ടില്ല. നവ്യക്ക് മലയാളത്തില്‍ ചിത്രങ്ങള്‍ കുറയുകയും ചെയ്തു.
അതിനിടയില്‍ പൃഥ്വിക്ക് മറ്റൊരു പൊരുത്തമുള്ള നടിയെ കിട്ടി- മീരാ ജാസ്മിന്‍. സ്വപ്നക്കൂട്, ചക്രം എന്നീ ചിത്രങ്ങളില്‍ ഇരുവരും നായികാനായകന്‍മാരായി. ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രത്യക്ഷപ്പെടാനും വൈകിയില്ല.
ലെനിന്‍ രാജേന്ദ്രന്റെ രാത്രിമഴ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു തുടങ്ങിയെങ്കിലും ഏതൊക്കെയോ കാരണങ്ങളാല്‍ പൃഥ്വിരാജ് ഈ ചിത്രത്തില്‍ നിന്നും പിന്‍മാറി. മീരയും പൃഥ്വിയും തമ്മില്‍ പിണങ്ങിയെന്നും അതാണ് പിന്‍മാറ്റത്തിന് കാരണമെന്നും കേട്ടു. ഇനി ഇരുവരും തമ്മില്‍ ഒന്നിച്ചഭിനയിക്കുമോയെന്നും വ്യക്തമല്ല.
കഥ എന്ന ചിത്രത്തിലാണ് പൃഥ്വിരാജും കാവ്യാ മാധവനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. ആ ചിത്രം തിയേറ്ററുകളിലെത്തിയില്ല. ഒരു ടിവി ചാനലിലാണ് കഥ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. നീണ്ട ഇടവേളക്കു ശേഷം ക്ലാസ്മേറ്റ്സിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. ഇരുവരും നായികാനായകന്‍മാരായ ക്ലാസ്മേറ്റ്സ് വന്‍വിജയമായതോടെ പൃഥ്വി-കാവ്യ ജോഡി ഏറെ ശ്രദ്ധിക്കപ്പെട്ടു.
പത്മകുമാറിന്റെ വാസ്തവത്തിലും ഇരുവരും വീണ്ടും നായികാനായകന്‍മാരായി. പ്രണയജോഡികളായി വേഷമിട്ട ഇരുവരുടെയും കെമിസ്ട്രി ഈ ചിത്രത്തിലും പ്രവര്‍ത്തിച്ചു.
നവ്യാനായര്‍ക്കും മീരാ ജാസ്മിനുമൊപ്പം അഭിനയിച്ചതിനു ശേഷം ഇപ്പോള്‍ പൃഥ്വിരാജിന്റെ മികച്ച ജോഡി കാവ്യയാണ്. ഇരുവരും നായികാനായകന്‍മാരാകുന്ന കൂടുതല്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications