ഡോണ്‍ പരാജയപ്പെട്ടത് എന്തുകൊണ്ട്?
ഏറെ പ്രതീക്ഷകളോടെയാണ് കഴിഞ്ഞ ഓണത്തിന് ഡോണ്‍ എത്തിയത്. ദിലീപും ഷാജി കൈലാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം വന്‍വിജയമാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി ഡോണ്‍ വന്‍പരാജയമായി.
ഡോണ്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്? ഡോണില്‍ പല പാളിച്ചുകളും പറ്റിയെന്ന് ഷാജി കൈലാസ് സമ്മതിക്കുന്നു. ആ പാളിച്ചകള്‍ പൂര്‍ണമായും എന്റേതല്ല എന്നും ഷാജി കൂട്ടിച്ചേര്‍ക്കുന്നു. പിന്നാരുടേതാണ് എന്ന് ഷാജി വ്യക്തമാക്കുന്നില്ല. എങ്കിലും ഏറെ പ്രതീക്ഷയോടെയെത്തിയ ഡോണിന്റെ പരാജയത്തെ കുറിച്ച് ഷാജിക്ക് ചിലതു പറയാനുണ്ട്.
ഡോണിനെ കുറിച്ച് പൂര്‍ണമായും ചര്‍ച്ച നടത്താത്തതാണ് ചിത്രത്തിന്റെ പരാജയത്തിനു കാരണമായത്. ഓണത്തിന് റിലീസ് ചെയ്യാന്‍ വേണ്ടി ഡോണ്‍ പൂര്‍ത്തിയാക്കാന്‍ ഒരു തരം വെപ്രാളത്തിലായിരുന്നു എല്ലാവരും. ഡോണിനു മുമ്പ് റിലീസ് ചെയ്ത ചെസിന്റെ കഥയുമായി ഈ ചിത്രത്തിന് സാമ്യങ്ങളുണ്ടെന്ന ആരോപണവും തിരിച്ചടിയായി.- ഷാജി പറയുന്നു.
സിനിമ ചെയ്യുന്നതിന് മുമ്പ് പൂര്‍ണമായും ചര്‍ച്ച നടത്താതെ, തൊട്ടുമുമ്പ് പുറത്തിറങ്ങിയ ചിത്രവുമായി സാമ്യമുള്ള കഥ വച്ച്, ഓണത്തിന് റിലീസ് ചെയ്യാനായി എങ്ങനെയെങ്കിലും സിനിമ പൂര്‍ത്തിയാക്കിയത് എന്തിനാണെന്ന്, ആര്‍ക്കു വേണ്ടിയാണെന്ന് ഷാജി വ്യക്തമാക്കുന്നില്ല. എങ്കിലും മലയാള സിനിമ നേരിടുന്ന അനാരോഗ്യ പ്രവണതകളെ കുറിച്ചുള്ള സൂചനകള്‍ ആ വാക്കുകളിലുണ്ട്.
സൂപ്പര്‍താരമാണെങ്കില്‍ ഓണത്തിന് സിനിമയിറക്കിയിരിക്കണം, വേണ്ട വിധം ചര്‍ച്ച ചെയ്തില്ലെങ്കിലും സിനിമ പുറത്തിറക്കിയേ പറ്റൂവെന്നൊക്കെയുള്ള വാശികള്‍ ആര്‍ക്കാണ് ഗുണം ചെയ്യുക? ഓണത്തിന് ഒരു സൂപ്പര്‍താരത്തിന്റെ സിനിമ പുറത്തിറങ്ങിയില്ലെന്നു വച്ച് മലയാള സിനിമയുടെ ആകാശം ഇടിഞ്ഞുവീഴുമോ, സൂപ്പര്‍താരത്തിന്റെ ഇമേജ് തകര്‍ന്നുപോവുമോ?


Click it and Unblock the Notifications