കാവ്യ എന്നും ടീനേജ് നായിക
സെറ്റുകളില്‍ കൊച്ചുകുട്ടികളുടെ സ്വഭാവമാണ് കാവ്യാ മാധവനെന്നാണ് സഹപ്രവര്‍ത്തകര്‍ പറയാറ്. സിനിമയിലോ? ഏറിയാല്‍ ദിലീപിന്റെ നായികയായി വരെ അഭിനയിക്കാം. കാവ്യയ്ക്കിന്നും ടീനേജ് നായികയുടെ ഇമേജ് തന്നെ.
ആദ്യചിത്രത്തിലെ നായകന്‍ ദിലീപായിരുന്നു. അതുകൊണ്ട് ഇപ്പോഴും ദിലീപിന്റെ നായികയായി അഭിനയിക്കാം. എന്നാല്‍ കാവ്യയെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയോ സുരേഷ് ഗോപിയുടെയോ നായികയാക്കാന്‍ സംവിധായകര്‍ തയ്യാറാവുമോ?
കാവ്യയ്ക്കു ശേഷം സിനിമയിലെത്തിയ ഏതാണ്ട് സമപ്രായക്കാരായ നടിമാര്‍ സൂപ്പര്‍താരങ്ങളുടെ നായികയായി വേഷമിട്ടിട്ടുണ്ട്. മീരാ ജാസ്മിന്‍ രസതന്ത്രത്തിലും നവ്യാനായര്‍ ചതുരംഗത്തിലും മോഹന്‍ലാലിന്റെ നായികയായി. മോഹന്‍ലാലിന്റെ പുതിയ ചിത്രം ചോട്ടാ മുംബൈയില്‍ ഭാവനയാണ് നായിക. പോത്തന്‍വാവയില്‍ ഗോപികയ്ക്ക് മമ്മൂട്ടിയുടെ നായികാവേഷമായിരുന്നു. പുതിയ ചിത്രം മായാവിയിലും ഗോപികയാണ് മമ്മൂട്ടിയുടെ നായിക.
എന്നാല്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചെങ്കിലും അവരുടെ നായികയാവാന്‍ കാവ്യക്ക് കഴിഞ്ഞിട്ടില്ല. മോഹന്‍ലാലിനൊപ്പം പ്രജയിലും വടക്കുംനാഥനിലും അഭിനയിച്ചു. പുതിയ ചിത്രമായ പരദേശിയിലും ലാലിനൊപ്പം അഭിനയിക്കുന്നു. എന്നാല്‍ മൂന്ന് ചിത്രത്തിലും കാവ്യക്ക് നായികാവേഷമല്ല. മമ്മൂട്ടിക്കൊപ്പം രാക്ഷസരാജാവില്‍ അഭിനയിച്ചെങ്കിലും ചിത്രത്തില്‍ ദിലീപിന്റെ നായികയായിരുന്നു കാവ്യ.
മീരയ്ക്കും നവ്യയ്ക്കും ഭാവനയ്ക്കും ഗോപികയ്ക്കും കിട്ടിയ സൂപ്പര്‍താര നായികാ വേഷം കാവ്യക്കു മാത്രം ചേരാത്തതെന്താണ്? അതും സിനിമയില്‍ ഈ നടിമാരേക്കാളൊക്കെ സീനിയറായിട്ടും!


Click it and Unblock the Notifications