തിരക്കഥയെഴുതുന്ന സംവിധായകര്‍

By Staff

2006ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയത് തന്മാത്രയാണ്. മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡുകള്‍ തന്മാത്ര സംവിധാനം ചെയ്യുകയും രചന നിര്‍വഹിക്കുകയും ചെയ്ത ബ്ലെസ്സിക്ക് ലഭിച്ചു. മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ് ഒരേ ചിത്രത്തിന് ഒരാള്‍ക്കു തന്നെ ലഭിക്കുന്നത് സംസ്ഥാന അവാര്‍ഡിന്റെ ചരിത്രത്തില്‍ വിരളമാണ്.

ബ്ലെസ്സി നേടിയ ഈ അംഗീകാരം മലയാളത്തിലെ ഒരു പ്രവണതയുടെ സൂചന കൂടിയാണ്. സംവിധാനവും തിരക്കഥാരചനയും ഒരാള്‍ തന്നെ നിര്‍വഹിക്കുന്നത് ഇവിടെ സാധാരണമാവുകയാണ്.

മലയാളത്തില്‍ എഴുത്തുകാരായ സംവിധായകര്‍ എണ്ണത്തില്‍ കൂടിവരികയാണ്. മികച്ച രചനകള്‍ നടത്തിയ തിരക്കഥാകൃത്തുക്കള്‍ സംവിധാനരംഗത്തേക്ക് തിരിയുന്നതിനൊപ്പം പ്രഗത്ഭരായ സംവിധായകര്‍ സ്വയം തിരക്കഥയെഴുതി സിനിമയൊരുക്കുന്ന പ്രവണതയും പ്രബലമാവുന്നു.

ബ്ലെസ്സിയുടെ തന്മാത്ര പുറത്തിറങ്ങിയത് 2006 ഡിസംബറിലായിരുന്നു. അതിനു ശേഷം ഈ വര്‍ഷം സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയ ഏഴ് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്-രസതന്ത്രം, കീര്‍ത്തിചക്ര, പ്രജാപതി, മഹാസമുദ്രം, ഫോട്ടോഗ്രാഫര്‍, ചക്കരമുത്ത്, കറുത്ത പക്ഷികള്‍. മലയാളത്തില്‍ അടുത്ത കാലത്തൊന്നും തിരക്കഥാകൃത്തും സംവിധായകനുമായി ഒരാള്‍ തന്നെ വേഷമിട്ട ഇത്രയും ചിത്രങ്ങള്‍ ഒരേ വര്‍ഷം പുറത്തിറങ്ങിയിട്ടില്ല.

ഏഴ് ചിത്രങ്ങളില്‍ മൂന്നും ഒരുക്കിയത് നവാഗതരായിരുന്നു. കീര്‍ത്തിചക്ര ഒരുക്കിയ മേജര്‍ രവിയും മഹാസമുദ്രം ഒരുക്കിയ ഡോ.എസ്.ജനാര്‍ദനനും തിരക്കഥാകൃത്തുക്കളെന്ന നിലയിലും സംവിധായകരെന്ന നിലയിലും സിനിമയില്‍ പുതുമുഖങ്ങളാണ്. ഫോട്ടോഗ്രാഫര്‍ സംവിധാനം ചെയ്ത രഞ്ജന്‍ പ്രമോദ് അഞ്ച് സിനിമകള്‍ക്കു തിരക്കഥയെഴുതിയതിനു ശേഷമാണ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞത്. ഈ മൂന്ന് ചിത്രങ്ങളിലും നായകനായത് മോഹന്‍ലാലാണ് എന്ന പ്രത്യേകത കൂടിയുണ്ട്.

ഈ വര്‍ഷം മലയാളത്തിലെ രണ്ട് പ്രഗത്ഭരായ സംവിധായകര്‍ തിരക്കഥാരചനയിലും കൈവച്ചു. സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രത്തിന് തിരക്കഥ എഴുതിയത് സംവിധായകനാണ്. സത്യന്‍ ആദ്യമായി എഴുതുന്ന തിരക്കഥ. സൂപ്പര്‍ഹിറ്റായ രസതന്ത്രം സത്യന്റെ കരിയറിലെ ഏറ്റവും വലിയ വിജയവുമായി.

കമലാണ് തിരക്കഥാരംഗത്തു പരീക്ഷണം നടത്തിയ മറ്റൊരു സംവിധായകന്‍. മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ സംവിധാനം ചെയ്ത കമല്‍ തന്നെയാണ് തിരക്കഥയെഴുതിയത്. ഇതിനു മുമ്പ് മേഘമല്‍ഹാര്‍ എന്ന ചിത്രത്തിനു കമല്‍ തിരക്കഥ എഴുതിയിരുന്നു.

തിരക്കഥാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചതിനു ശേഷം സംവിധായകരായ രണ്ട് പേരുടെ സിനിമകളും ഈ വര്‍ഷം പുറത്തിറങ്ങി- രഞ്ജിത്തിന്റെ പ്രജാപതിയും ലോഹിതദാസിന്റെ ചക്കരമുത്തും.

സംവിധായകന്‍ തന്നെ തിരക്കഥ എഴുതിയ ഈ ചിത്രങ്ങള്‍ക്ക് സമിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നുണ്ടായത്. രസതന്ത്രം, കീര്‍ത്തി ചക്ര എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ മഹാസമുദ്രം ശരാശരിയിലൊതുങ്ങി. പ്രജാപതിയും ഫോട്ടോഗ്രാഫറും വന്‍പരാജയമായി. ചക്കരമുത്തും കറുത്ത പക്ഷികളും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.

രചനയും സംവിധാനവും ഒരേയാള്‍ നിര്‍വഹിക്കുന്ന ഒരു പിടി ചിത്രങ്ങളാണ് ഇനിയെത്താനിരിക്കുന്നത്. ബ്ലെസ്സിയുടെ മമ്മൂട്ടി ചിത്രം പളുങ്കിന്റെ ചിത്രീകരണം നടന്നുവരികയാണ്. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയിലാണ് സത്യന്‍ അന്തിക്കാട്. ചിത്രീകരണം നടന്നുവരുന്ന രാത്രിമഴയുടെ സംവിധാനവും രചനയും ലെനിന്‍ രാജേന്ദ്രനാണ്. അടുത്ത വര്‍ഷം മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവിയും കെ.കെ.രാജീവും ഒരുക്കുന്ന ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുന്നത് സംവിധായകര്‍ തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X