twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈണം നിറഞ്ഞ പൊന്‍വീണ

    By Staff
    |

    താളവട്ടം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന..., പൊന്‍വീണേ എന്നുളളില്‍ മൗനം വാങ്ങൂ.. എന്നീ പാട്ടുകള്‍ ഇപ്പോഴും സംഗീത പ്രേമികളുടെ ചുണ്ടിലുണ്ട്. ഗാനമേളകളില്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്ന പാട്ടുകളുമാണ് ഇവ. എന്നാല്‍ ആരാണ് ഈ പാട്ടുകള്‍ ഒരുക്കിയതെന്നറിയാമോ?

    രഘുകുമാര്‍ എന്ന സംഗീത സംവിധായകന്റെ പാട്ടുകളേറെയും മലയാളിയുടെ ഇഷ്ടഗാനങ്ങളുടെ പട്ടികയില്‍ ഇടം നേടിയവയാണ്. എന്നാല്‍ എന്തുകൊണ്ടോ ഈ സംഗീതസംവിധായകന്‍ സിനിമയിലെ തിരക്കുകളില്‍ ഇടം പിടിച്ചില്ല.

    സിബി മലയില്‍ സംവിധാനം ചെയ്ത മായാ മയൂരത്തിലെ ഗാനങ്ങള്‍ക്കും ഈണമിട്ടത് രഘുകുമാറാണ്. 'കൈക്കുടന്ന നിറയെ തിരുമധുരം തരും' എന്ന ഹൃദ്യമായ പാട്ട് ഓര്‍മ്മകളില്‍ നനവു പടര്‍ത്തുന്ന ഈണം കൊണ്ട് ശ്രദ്ധേയമായിരുന്നു.

    ഒരുകാലത്ത് യുവഹൃദയങ്ങള്‍ ഏറ്റുപാടിയ ഗാനമായിരുന്നു ശ്യാമയിലെ 'ചെമ്പരത്തിപ്പൂവേ ചൊല്ലൂ, ദേവനെ നീ കണ്ടോ' എന്നത്. ആര്യനിലെ 'പൊന്മുരളിയൂതും കാറ്റേ', ധീരയിലെ 'മൃദുലേ ഇതാ ഒരു ഭാവഗീതമിതാ.. 'ഇതൊക്കെ സിനിമാ ഗാനപ്രേമികള്‍ ഇപ്പോഴും മൂളി നടക്കുമ്പോള്‍ ഈണമൊരുക്കിയ രഘുകുമാറിനെ അവരറിയുന്നുണ്ടാവില്ല.

    പ്രിയദര്‍ശന്റെ ഇഷ്ട സംഗീതസംവിധായകനായിരുന്നു രഘുകുമാര്‍. 1985ല്‍ പുറത്തിറങ്ങിയ മൂന്നു പ്രിയന്‍ ചിത്രങ്ങള്‍ക്കും ഈണമിട്ടത് രഘുകുമാറായിരുന്നു. അരം പ്ലസ് അരം കിന്നരം, ബോയിംഗ് ബോയിംഗ്, ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍ എന്നിവയായിരുന്നു അവ.

    1986ല്‍ ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍, താളവട്ടം, 1987ല്‍ ചെപ്പ്, 1988ല്‍ ആര്യന്‍ എന്നിങ്ങനെ ആ ബന്ധം ഉറച്ചു. ഇടയ്ക്ക് മറ്റു സംവിധായകര്‍ക്കു വേണ്ടിയും സൂപ്പര്‍ ഹിറ്റുകള്‍ രഘുകുമാര്‍ സൃഷ്ടിച്ചു.

    ജോഷിയ്ക്കു വേണ്ടി ശ്യാമ, ആയിരം കണ്ണുകള്‍, ധീര എന്നീ ചിത്രങ്ങളിലും മനോഹരമായ പാട്ടുകളൊരുക്കിയെങ്കിലും എന്തുകൊണ്ടോ പിന്നീട് ജോഷി തന്റെ ചിത്രങ്ങളില്‍ രഘുകുമാറിനെ സഹകരിപ്പിച്ചില്ല.

    തന്റെ ചിത്രങ്ങളില്‍ മനോഹരമായ പാട്ടുകള്‍ ഉള്‍പ്പെടുത്തുന്ന സംവിധായകനാണ് സിബി മലയില്‍. മായാ മയൂരം എന്ന ചിത്രത്തിലാണ് സിബി രഘുകുമാര്‍ ടീം ഒന്നിക്കുന്നത്. ഗിരീഷ് പുത്ത‍ഞ്ചേരി എഴുതിയ മൂന്നു ഗാനങ്ങളും സംഗീത പ്രേമികളുടെ ചുണ്ടില്‍ ഇപ്പോഴുമുണ്ട്. 'ആമ്പല്ലൂരമ്പലത്തില്‍', 'കൈക്കുടന്ന നിറയെ' എന്നീ പാട്ടുകള്‍ സൂപ്പര്‍ഹിറ്റായിരുന്നു.

    തുടര്‍ന്ന് സിബിയുടെ കാണാക്കിനാവിനു വേണ്ടിയും ഈ ടീം ഒന്നിച്ചു. പത്തു ചിത്രങ്ങളുണ്ടായിരുന്നു ഈ ചിത്രത്തില്‍. പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടെങ്കിലും എന്തുകൊണ്ടോ ഈ ബന്ധവും നീണ്ടില്ല.

    2005ല്‍ സുന്ദര്‍ദാസിന്റെ ജയറാം ചിത്രമായ പൗരന്‍, 2007ല്‍ ശ്രീലാല്‍ ദേവരാജ് സംവിധാനം ചെയ്ത സൗഭദ്രം എന്നീ ചിത്രങ്ങളാണ് രഘുകുമാര്‍ ഏറ്റവും ഒടുവില്‍ ഈണം പകര്‍ന്ന മലയാള ചിത്രങ്ങള്‍.

    സിനിമാ രംഗത്ത് ആരുടെയും പുറകെ ചാന്‍സ് ചോദിച്ച് പോകാന്‍ തയ്യാറാകാത്തതിനാല്‍ രഘുകുമാര്‍ ഗ്ലാമറിന്റെ ലോകത്ത് അര്‍ഹമായ നിലയില്‍ അംഗീകരിക്കപ്പെട്ടില്ല. കൈക്കുടന്ന നിറയെ കുറേ ഈണങ്ങളും ഗാനങ്ങളും അദ്ദേഹം മലയാളിക്ക് നല്‍കിയിട്ടുണ്ട്. തിരുമധുരം പോലെ അത് മലയാളികളുടെ നാവില്‍ എന്നുമുണ്ടാവുമെന്ന് ഉറപ്പാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X