twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമ പൂര്‍ണ സ്തംഭനത്തിലേക്ക്

    By Ajith Babu
    |

    Film Strike
    സിനിമാ നിര്‍മാണച്ചെലവ് വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ സിനിമകളുടെ നിര്‍മാണം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചതോടെ മലയാള ചലച്ചിത്രരംഗം പൂര്‍ണസ്തംഭനത്തിലേക്ക് നീങ്ങുന്നു.

    കൊച്ചിയില്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അടിയന്തര ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. എ ക്ലാസ് തിയെറ്ററുകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഇപ്പോള്‍ തന്നെ സമരത്തിലാണ്. നിര്‍മാതാക്കളും സമരം പ്രഖ്യാപിച്ചതോടെ മലയാള ചലച്ചിത്രമേഖല പൂര്‍ണമായി സ്തംഭിയ്ക്കുകയാണ്.

    സര്‍ക്കാരുമായി ഏറ്റുമുട്ടിയ എ ക്ലാസ് തിയെറ്ററുകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍പുതിയ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാതെ അന്യഭാഷാ സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച്, അവര്‍ക്ക് ഒരു ചിത്രവും നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും പ്രഖ്യാപിച്ചു.

    നിര്‍മാണം, വിതരണം, പ്രര്‍ശനം സിനിമയുടെ അവിഭാജ്യഘടകങ്ങളായ മൂന്ന് ഘട്ടങ്ങളും സ്തംഭിച്ചതോടെ മലയാള സിനിമയില്‍ നിക്ഷേപിയ്ക്കപ്പെട്ട 60 കോടിയോളം രൂപയാണ് വെള്ളത്തിലായിരിക്കുന്നത്.

    കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച മമ്മൂട്ടി ചിത്രം വെനീസിലെ വ്യാപാരി, മോഹന്‍ലാലിന്റെ ഒരു മരുഭൂമിക്കഥ എന്നിവയുടെ റിലീസ് നീട്ടിയിരുന്നു. സമരം നീണ്ടാല്‍ ക്രിസ്മസ് ചിത്രങ്ങളെയും ബാധിക്കും. അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തിലെ തിയെറ്ററുകളില്‍ നിന്നു പണം വാരുകയും ചെയ്യും.

    ചിത്രീകരണം ആരംഭിച്ച സിനിമകളുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുമെന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നിര്‍മാണച്ചെലവ് കുറയ്ക്കുന്നതിന് ഉന്നയിച്ച നിര്‍ദേശങ്ങളില്‍ ഫെഫ്ക അടക്കമുള്ള സംഘടനകളുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം.

    സിനിമാ നിര്‍മാണത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതിനുശേഷം മാത്രമേ ഇനി പുനരാരംഭിക്കൂ എന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഇനിയൊരു ചര്‍ച്ചയ്ക്ക് സംഘടന മുന്‍കൈയെടുക്കില്ല. സര്‍ക്കാരോ മറ്റു സിനിമാ സംഘടനകളോ മുന്നോട്ടു വന്നാല്‍ ചര്‍ച്ച നടത്തുമെന്നാണ് അവരുടെ നിലപാട്.

    അതേസമയം, ഫെഫ്കയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതു മാത്രമല്ല സമരത്തിനു കാരണം. കോള്‍ ഷീറ്റിലെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഇപ്പോഴത്തെ പ്രവര്‍ത്തന സമയം. ഇതിന് എട്ട് മണിക്കൂര്‍ വീതമുള്ള രണ്ട് കോള്‍ ഷീറ്റിനു പകരം, പന്ത്രണ്ടും നാലും മണിക്കൂറായി വിഭജിച്ച് കൂലി കണക്കാക്കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം. ഇതു ഫെഫ്ക അംഗീകരിക്കുന്നില്ല.

    സിനിമനിര്‍മാണവും പ്രദര്‍ശനവും പൂര്‍ണസ്തംഭനത്തിലേക്ക് നീങ്ങുന്നതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിയ്ക്കുന്ന പതിനായിരങ്ങളാണ് പ്രതിസന്ധിയിലാവുന്നത്. താരങ്ങളെയും മുന്തിയ സാങ്കേതിക പ്രവര്‍ത്തകരെയും തിയറ്ററുടമകളെയുമൊന്നും അത്ര കണ്ട് ബാധിയ്ക്കില്ലെങ്കിലും സമരം തുടരുകയാണെങ്കില്‍ ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന തൊഴിലാളികള്‍ പട്ടിണിയിലാകുമെന്ന് ഉറപ്പാണ്.

    English summary
    Malayalam cinema is in the midst of a disturbing crisis. Many films have failed to do well, production costs have mounted, trade bodies within the industry are at loggerheads, and there is competition from films in other regional languages
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X