മുകേഷ് സംവിധായകനാവുന്നു
മുകേഷ് സംവിധായകനാവുന്നു
ഡിസംബര്‍ 03, 2003
നടന്‍ മുകേഷ് സംവിധായകന്റെ മേലങ്കിയണിയുന്നു. മുകേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് മമ്മൂട്ടിയാണ്. ചിത്രത്തിന്റെ പേര് രാഷ്ട്രഭവന്‍.
മുകേഷിന്റെ അച്ഛന്‍ നടനും നാടകക്കൃത്തുമായ ഒ. മാധവന്റെ നാടകമായ രാഷ്ട്രഭവനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. കുടുംബകഥ പറയുന്ന ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.
മുകേഷ് ഇപ്പോള്‍ അഭിനയിച്ചുവരുന്ന കെ. മധുവിന്റെ സേതുരാമയ്യര്‍ സിബിഐ എന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ക്രോണിക് ബാച്ചിലറിലും മമ്മൂട്ടിയോടൊപ്പം ഒരു പ്രധാന കഥാപാത്രത്തെ മുകേഷ് അവതരിപ്പിച്ചിരുന്നു. ഹിറ്റ്ലര്‍ ആണ് മമ്മൂട്ടിയും മുകേഷും ഒന്നിച്ചഭിനയിച്ച മറ്റൊരു ഹിറ്റ് ചിത്രം.
അഭിനയരംഗത്ത് വര്‍ഷങ്ങള്‍ ചെലവഴിച്ചതിന്റെ അനുഭവവുമായി നമ്മുടെ പല പ്രമുഖ നടന്‍മാരും സംവിധാനത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. നടന്‍മാരായ ശ്രീനിവാസനും ബാലചന്ദ്രമേനോനും സിനിമയില്‍ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും റോളുകളില്‍ ഒരുപോലെ ശോഭിക്കുന്നവരാണ്.
അഭിനയരംഗത്ത് ശോഭിച്ച് സംവിധായകനായി വിജയിച്ച മറ്റൊരാള്‍ വേണു നാഗവള്ളിയാണ്. ദേവദാസ് പോലുള്ള ചിത്രങ്ങളിലൂടെ ഒരു കാലത്ത് മലയാളത്തിലെ യുവനടന്‍മാരില്‍ പ്രമുഖനായിരുന്ന വേണു നാഗവള്ളി സംവിധാനം ചെയ്ത സര്‍വകലാശാല, സുഖമോ ദേവി, ലാല്‍സലാം തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി.
നെടുമുടി വേണു, മധു, ജഗതി ശ്രീകുമാര്‍ എന്നീ നടന്‍മാര്‍ അഭിനയജീവിതത്തിനിടയില്‍ ഓരോ തവണ സംവിധായകന്റെ മേലങ്കി അണിഞ്ഞ് പരീക്ഷണം നടത്തിയവരാണ്. ആദ്യചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ഭരത് ഗോപി മൂന്ന് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്.


Click it and Unblock the Notifications