ഇന്‍സ്പെക്ടര്‍ ഗരുഡ്
ദിലീപ് ആദ്യമായി കാക്കി വേഷത്തില്‍. അതാണ് ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ പ്രത്യേകത. പ്രേക്ഷകര്‍ മുമ്പ് കണ്ടിട്ടുള്ള പൊലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ തമാശ ചിത്രത്തിലെ ദിലീപിന്റെ കാക്കി കഥാപാത്രം.
കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു തൊഴില്‍ കണ്ടെത്താന്‍ ബദ്ധപ്പെടുമ്പോഴാണ് മാധവന്‍കുട്ടി ഭരണതലത്തില്‍ വലിയ പിടിപാടുള്ള ഒരു ദല്ലാളിനെ കണ്ടുമുട്ടുന്നത്. അയാള്‍ മുന്നോട്ടുവച്ച ഓഫറുകള്‍ കേട്ട് മാധവന്‍കുട്ടി അന്തം വിട്ടു. സബ് ഇന്‍സ്പെകറാകണമെങ്കില്‍ പത്ത് ലക്ഷം രൂപ നല്‍കണം. സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണെങ്കില്‍ പതിനഞ്ച് ലക്ഷം.
ഏതായാലും ഉയര്‍ന്ന ജോലി തന്നെയിരിക്കട്ടെയെന്ന് കരുതി മാധവന്‍കുട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉദ്യോഗത്തിനായി 15 ലക്ഷം രൂപ നല്‍കി. അങ്ങനെ മാധവന്‍കുട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാധവന്‍കുട്ടിയായി.
പൊലീസ് വേഷം ദേഹത്തു വന്നതോടെ ജോലി സമ്പാദിക്കാന്‍ നല്‍കിയ 15 ലക്ഷം രൂപ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായി മാധവന്‍കുട്ടി. അതിനായി എന്ത് അഴിമതിക്കും അയാള്‍ കൂട്ടുനിന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാധവന്‍കുട്ടിയായി ദിലീപെത്തുമ്പോള്‍ അത് ഇതുവരെ ദിലീപ് ചെയ്ത തമാശവേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. കാവ്യാ മാധവനാണ് നായിക. സബ് കളക്ടര്‍ സേതുലക്ഷ്മിയായാണ് കാവ്യ വേഷമിടുന്നത്.
ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഇന്‍സ്പെക്ടര്‍ ഗരുഡിന് തിരക്കഥ രചിച്ചിരിക്കുന്നത് ഉദയ്കൃഷ്ണ-സിബി കെ.തോമസാണ്. ഇന്നസെന്റ്, വിജയരാഘവന്‍, ലാലു അലക്സ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, ജനാര്‍ദനന്‍, ഷമ്മി തിലകന്‍, സാദിഖ്, കലാശാല ബാബു, ടി.പി.മാധവന്‍, മച്ചാന്‍ വര്‍ഗീസ്, കുഞ്ചന്‍, കൊച്ചുപ്രേമന്‍, ഐശ്വര്യ, സുജാ കാര്‍ത്തി,ഊര്‍മിള ഉണ്ണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കൊച്ചിയില്‍ ചിത്രീകരണം നടന്നുവരികയാണ്.


Click it and Unblock the Notifications