നവ്യയ്ക്ക് വ്യത്യസ്ത വേഷം
നവ്യയ്ക്ക് വ്യത്യസ്ത വേഷം
ഡിസംബര്‍ 06, 2003
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ... എന്ന ചിത്രത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്ന നവ്യാ നായര്‍ അവതരിപ്പിക്കുന്നത് അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ്.
അഛനും അമ്മയും നഷ്ടപ്പെട്ട താറാവ് കൃഷി ചെയ്ത് ജീവിതം പുലര്‍ത്തുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് നവ്യാനായര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത നന്ദനത്തിലെ ബാലാമണിക്ക് ശേഷം നവ്യക്ക് ലഭിച്ചിരിക്കുന്ന അഭിനയസാധ്യതയുള്ള വേഷമാണ് ഈ ചിത്രത്തിലെ ഗീത എന്ന കഥാപാത്രം.
നവ്യ അരങ്ങേറ്റം കുറിച്ച ഇഷ്ടത്തിന്റെ സംവിധായകന്‍ സിബി മലയിലായിരുന്നു. സിബിയുടെ ചിത്രത്തില്‍ രണ്ടാമത്തെ തവണയാണ് നവ്യ അഭിനയിക്കുന്നത്.
ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. നവ്യ ആദ്യമായാണ് കുഞ്ചാക്കോ ബോബന്റെ നായികയാവുന്നത്. കല്യാണരാമനില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ആ ചിത്രത്തില്‍ ദിലീപിന്റെ നായികയായിരുന്നു നവ്യ.
ചന്ദ്രന്‍ എന്ന മെഡിക്കല്‍ റെപ്രസന്റീറ്റിവായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. ലക്ഷ്യബോധമില്ലാതെ നീങ്ങുന്ന അവന്റെ ജീവിതത്തിലേക്ക് ഗീത എന്ന പെണ്‍കുട്ടി കടന്നുവരുന്നു. അതോടെ അവന്റെ ജീവിതം തന്നെ മാറുന്നു. കുട്ടനാടന്‍ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തിന്റേത്.
നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുജാത, വിജയകുമാരി തുടങ്ങിയവരും സിബി മലയില്‍ ചിത്രത്തില്‍ വേഷമിടുന്നു. സിന്ധുരാജിന്റേതാണ് രചന. ശ്യാം ജയന്‍ നിര്‍മിക്കുന്ന ചിത്രം സ്വാമി ഫിലിംസ് വിതരണത്തിനെത്തിക്കും.


Click it and Unblock the Notifications