സിദ്ദിക്ക് ത്രില്ലര്‍ എഴുതുന്നു; ജയറാം നായകന്‍
സിദ്ദിക്ക് ത്രില്ലര്‍ എഴുതുന്നു; ജയറാം നായകന്‍
ഡിസംബര്‍ 6, 2004
റാംജിറാവ് സ്പീക്കിംഗ് മുതല്‍ ക്രോണിക് ബാച്ചിലര്‍ വരെ സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രങ്ങളുടെ നീണ്ട നിര തീര്‍ത്ത സിദ്ദിക്ക് ആദ്യമായി ഒരു ക്രൈം ത്രില്ലറിനായി തിരക്കഥ രചിക്കുന്നു.
സഹസംവിധായകനായ സതീഷ് പോള്‍ ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് സിദ്ദിക്ക് ക്രൈംത്രില്ലറെഴുതുന്നത്. ഫിംഗര്‍ പ്രിന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ജയറാമാണ്.
ഒരു കൊലപാതകക്കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫീസറായാണ് ജയറാം ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇത്തരമൊരു കുറ്റാന്വേഷകന്റെ വേഷം ജയറാം ചെയ്യുന്നത് ആദ്യമായാണ്. ജയറാമിന്റെ ഇമേജിന് തന്നെ മാറ്റം വരുത്തുന്ന ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്ന് സിദ്ദിക്ക് പറഞ്ഞു.
സിദ്ദിക്കിന്റെ ക്രോണിക് ബാച്ചിലറില്‍ സതീഷ് പോള്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോമഡി പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു രചന സിദ്ദിക്ക് നടത്തുന്നത് ആദ്യമായാണ്. ചിത്രത്തിന്റെ കഥ സംവിധായകന്റേതു തന്നെ.
ഗോപികയാണ് ചിത്രത്തില്‍ നായികയാവുന്നത്. ആദ്യമായാണ് ഗോപിക ജയറാമിനോടൊപ്പം അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായികുമാര്‍, നെടുമുടി വേണു, മാള അരവിന്ദന്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
തമിഴിലെ പ്രശ്ത ഛായാഗ്രാഹകന്‍ ഗുണയാണ് ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഫോര്‍ ദി പീപ്പിള്‍ എന്ന ഹിറ്റ് ചിത്രം നിര്‍മിച്ച സാബു ചെറിയാനാണ് ഫിംഗര്‍ പ്രിന്റ് നിര്‍മിക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം വിതരണത്തിനെത്തിക്കും. വാഗമണ്ണിലും കോലഞ്ചേരിയിലുമായാണ് ഫിംഗര്‍ പ്രിന്റ് ചിത്രീകരിക്കുന്നത്.


Click it and Unblock the Notifications