നവ്യാ നായര്‍ക്ക് വിലക്ക്
നവ്യാ നായര്‍ക്ക് വിലക്ക്
ഡിസംബര്‍ 07, 2003
കൊച്ചി: നടി നവ്യാ നായര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിലിം ചേംബര്‍ തീരുമാനിച്ചു. വിപിന്‍മോഹന്‍ സംവിധാനം ചെയ്യുന്ന പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിലക്ക്.
കരാര്‍ പ്രകാരമുള്ളതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം നവ്യാ നായര്‍ ആവശ്യപ്പെട്ടെന്നും ഇത് നല്‍കാത്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഡബിംഗില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചെന്നുമാണ് ബഷീറിന്റെ പരാതി.
നവ്യയെ വിലക്കണമെന്ന് ഫിലിം ചേംബര്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ വിവിധ സംഘടനകളോട് ആവശ്യപ്പെട്ടു. താരസംഘടനയായ അമ്മയുമായി നടത്തിയ ചര്‍ച്ച വിഫലമായതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഫിലിം ചേംബര്‍ അറിയിച്ചു.
അതേ സമയം വിലക്കിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് നവ്യാ നായര്‍ പറഞ്ഞു. ബാക്കി കിട്ടാനുള്ള പ്രതിഫലത്തുക നിര്‍മാതാവിനോട് ചോദിച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച് അമ്മയ്ക്ക് പരാതി നല്‍കിയിരുന്നുവെന്നും നവ്യ പറഞ്ഞു.
കെ. മധുവിന്റെയും സിബി മലയിലിന്റെയും ചിത്രങ്ങളില്‍ അഭിനയിച്ചു വരികയാണ് നവ്യ ഇപ്പോള്‍. ഈ ചിത്രങ്ങള്‍ക്ക് വിലക്ക് ബാധകമല്ല.
അതേ സമയം നവ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് അമ്മ അറിയാതെയാണെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. വിലക്കേര്‍പ്പെടുത്തുന്നതിന് മുമ്പ് അമ്മയെ അറിയിച്ചിരുന്നില്ല. വിലക്ക് ഏര്‍പ്പെടുത്തുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നും അഭിനയത്തില്‍ നിന്ന് ആരെയെങ്കിലും വിലക്കാന്‍ ഒരു സംഘടനയ്ക്കും അധികാരമില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
അമ്മയുടെയോ നവ്യാനായരുടെയോ അനുമതിയില്ലാതെ പുതിയൊരാളെ വെച്ച് നവ്യാ നായര്‍ക്ക് ശബ്ദം നല്‍കില്ലെന്ന് സംവിധായകന്‍ വിപിന്‍ മോഹന്‍ പറഞ്ഞു.


Click it and Unblock the Notifications