മമ്മൂട്ടി ചിത്രത്തില്‍ ലയ നായിക
മമ്മൂട്ടി ചിത്രത്തില്‍ ലയ നായിക
ഡിസംബര്‍ 7, 2004
മലയാളത്തില്‍ മികച്ച നടിമാരുണ്ടെങ്കിലും അന്യഭാഷാ നടിമാരെ നായികമാരാക്കുന്നതിലാണ് മമ്മൂട്ടിക്ക് താത്പര്യമെന്ന് തോന്നുന്നു. തന്റെ പുതിയ ചിത്രത്തിലും അന്യഭാഷാ നടിയയെയാണ് മമ്മൂട്ടി നായികയാക്കിയിരിക്കുന്നത്.
ഷാഫി സംവിധാനം ചെയ്യുന്ന തൊമ്മന്റെ മക്കള്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ കന്നഡ-തെലുങ്ക് നടി ലയയാണ് നായിക. മമ്മൂട്ടിയുടെ തുടര്‍ച്ചയായ നാലാമത്തെ ചിത്രത്തിലാണ് അന്യഭാഷാ നടി നായികയാവുന്നത്.
ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വന്‍വിജയം നേടുകയും ചെയ്ത കാഴ്ചയില്‍ തെലുങ്ക് നടിയായ പത്മപ്രിയയായിരുന്നു മമ്മൂട്ടിയുടെ നായിക. ബ്ലാക്കില്‍ എസ്എസ് മ്യൂസിക് ചാനലിലെ അവതാരകയായ ശ്രേയ റെഡ്ഢി നായികയായി. ക്രിസ്തുമസിന് റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം വേ-ഷത്തില്‍ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന തമിഴ് നടി മോഹിനിയാണ് നായിക. പുതിയ ചിത്രത്തിലാകട്ടെ കന്നഡ-തെലുങ്ക് നടി ലയയും.
ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു മമ്മൂട്ടി ചിത്രത്തില്‍ പോലും മലയാള നടി നായികയായിട്ടില്ല. ഈ വര്‍ഷത്തെ മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍ സേതുരാമയ്യര്‍ സിബിഐ, വജ്രം, അപരിചിതന്‍ എന്നിവയാണ്. വജ്രത്തില്‍ തമിഴ് നടി നന്ദിനിയായിരുന്നു മമ്മൂട്ടിയുടെ നായിക. സേതുരാമയ്യര്‍ സിബിഐ, അപരിചിതന്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിക്ക് നായികയുണ്ടായിരുന്നില്ല.
ലാല്‍ ക്രിയേഷന്‍സ് നിര്‍മിക്കുന്ന തൊമ്മന്റെ മക്കളില്‍ ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജന്‍ പി. ദേവ് മമ്മൂട്ടിയുടെ അച്ഛനായി വേഷമിടുന്നു. സലിംകുമാര്‍, ഇന്നസെന്റ്, ജനാര്‍ദനന്‍ എന്നിവരും അഭിനയിക്കുന്നു.
ബെന്നി പി. നായരമ്പലത്തിന്റേതാണ് രചന. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍.


Click it and Unblock the Notifications