രഞ്ജി പണിക്കര്‍ ഇനി മമ്മൂട്ടിയ്ക്കൊപ്പം
സിനിമകളില്ലാതെ വീട്ടിലിരിക്കേണ്ടി വന്ന സുരേഷ് ഗോപിക്ക് സ്വപ്നതുല്യമായ തിരിച്ചുവരവ് സമ്മാനിച്ച ഭരത്ചന്ദ്രന്‍ ഐപിഎസ് ഒരുക്കിയത് രഞ്ജി പണിക്കരാണ്. രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്.
ഭരത്ചന്ദ്രന്‍ ഐപിഎസ് സുരേഷ് ഗോപിക്കെന്ന പോലെ രഞ്ജി പണിക്കര്‍ക്കും ഒരു തിരിച്ചുവരവായിരുന്നു. ഒരു പിടി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയശേഷം രണ്ട് സിനിമകള്‍ പരാജയപ്പെട്ടത് രഞ്ജിയുടെ കരിയറില്‍ വലിയ തിരിച്ചടിയായി. ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള പദ്ധതി അവസാന നിമിഷം ഉപേക്ഷിക്കേണ്ടിവന്നു. കരിയര്‍ ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് സുരേഷ് ഗോപിയെ നായകനാക്കി ഭരത്ചന്ദ്രന്‍ ഐപിഎസ് തിരക്കഥയെഴുതി സംവിധാനം ചെയ്യാനും അത് സ്വയം നിര്‍മിക്കാനും തീരുമാനിച്ചത്.
ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ വിജയത്തിനു ശേഷം രഞ്ജി പണിക്കര്‍ ചെറിയൊരു അവധിയെടുത്തു. ഒന്നര വര്‍ഷത്തോളം സിനിമയൊന്നും ചെയ്തില്ല. ഇനി അടുത്ത ചിത്രത്തെ കുറിച്ച് ആലോചിക്കുന്നു. ചിത്രത്തില്‍ നായകനാവുന്നത് മമ്മൂട്ടി.
ഇതിനു മുമ്പ് ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിംഗ് എന്ന മമ്മൂട്ടി ചിത്രത്തിനു വേണ്ടി രഞ്ജി പണിക്കര്‍ തിരക്കഥയെഴുതിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് രഞ്ജിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്.
മരയ്ക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദാണ് മമ്മൂട്ടി-രഞ്ജി പണിക്കര്‍ ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications