ദിലീപിന്റെ ഫാസ്റ് ട്രാക്ക് ക്രിസ്തുമസിനെത്തില്ല
ദിലീപിന്റെ ഫാസ്റ് ട്രാക്ക് ക്രിസ്തുമസിനെത്തില്ല
ഡിസംബര്‍ 8, 2005
ദിലീപിന്റെ ക്രിസ്തുമസ് ചിത്രമായി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ഫാസ്റ് ട്രാക്കിന്റെ ചിത്രീകരണം മുടങ്ങി. ഈ ചിത്രം ക്രിസ്തുമസിനെത്തിക്കാനാവില്ലെന്ന് ഇതോടെ ഉറപ്പായി.
വന്‍വിജയമായ ചാന്തുപ്പൊട്ടിനു ശേഷം അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ദിലീപിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. ചാന്തുപൊട്ടില്‍ സ്ത്രൈണസ്വഭാവമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കില്‍ ഫാസ്റ്ട്രാക്കില്‍ കരുത്തുറ്റ കഥാപാത്രമായ ഒരു യുവഅത്ലറ്റിന്റെ വേഷമാണ് ദിലീപിന്. നവാഗത സംവിധായകനായ ജയസൂര്യ സംവിധാനം ചെയ്യുന്ന ഈ ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിര്‍മാതാവിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ചിത്രീകരണത്തിന്റെ അവസാനഘട്ടം മുടങ്ങിയിരിക്കുകയാണ്.
വന്‍പരാജയം നേരിടേണ്ടി വന്ന മോഹന്‍ലാല്‍ ചിത്രം ഉടയോന്റെ നിര്‍മാതാവ് സുബൈറാണ് ഫാസ്റ്ട്രാക്ക് നിര്‍മിക്കുന്നത്. ഉടയോന്‍ കനത്ത നഷ്ടമുണ്ടാക്കിയതിനാല്‍ തിയേറ്റര്‍ ഉടമകള്‍ക്ക് സുബൈര്‍ കടക്കാരനായിരിക്കുകയാണ്. സുബൈറിന് നല്‍കിയ അഡ്വാന്‍സ് ഉടയോന്‍ റിലീസ് ചെയ്ത തിയേറ്ററുകാര്‍ക്ക് ചിത്രത്തിലൂടെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുടിശിക കൊടുത്തുതീര്‍ക്കാതെ പുതിയ ചിത്രത്തിന് അഡ്വാന്‍സ് നല്‍കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയതോടെ സുബൈര്‍ ഫാസ്റ്ട്രാക്കിന്റെ ചിത്രീകരണം മുന്നോട്ടുകൊണ്ടുപോകാനാവാതെ പ്രതിസന്ധിയിലായി.
മമ്മൂട്ടിയുടേതായി അഞ്ച് ചിത്രവും മോഹന്‍ലാലിന്റേതായി നാല് ചിത്രവും ഈ വര്‍ഷം റിലീസ് ചെയ്തപ്പോള്‍ മൂന്ന് ദിലീപ് ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ തിയേറ്ററുകളിലെത്തിയത്. ഫാസ്റ് ട്രാക്ക് ക്രിസ്തുമസിന് റിലീസ് ചെയ്തില്ലെങ്കില്‍ ഈ വര്‍ഷത്തെ ദിലീപ് ചിത്രങ്ങളുടെ എണ്ണം മൂന്നായി തന്നെ നില്‍ക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ അഞ്ചും ആറും ചിത്രങ്ങള്‍ വീതമാണ് ദിലീപിന്റേതായി പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications