സുരേഷ് ഗോപി കാലാ ബസാറില്‍
സൂപ്പര്‍താരങ്ങളോടൊത്ത് ഒരുക്കുന്ന ചിത്രങ്ങളെല്ലാം ഐ.വി.ശശിക്ക് തിരിച്ചടിയാണ് ഇപ്പോള്‍ സമ്മാനിക്കുന്നത്. ഒരു കാലത്ത് സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയിരുന്ന ഈ സംവിധായകന്‍ ഇപ്പോഴും സൂപ്പര്‍താരങ്ങള്‍ നായകരാവുന്ന സിനിമകള്‍ സംവിധാനം ചെയ്യുന്നുണ്ടെങ്കിലും വലിയ വിജയങ്ങള്‍ അകന്നു നില്‍ക്കുന്നു.
മോഹന്‍ലാല്‍ നായകനായ ഐ.വി.ശശിയുടെ ശ്രദ്ധ വന്‍പരാജയമായിരുന്നു. വലിയ പ്രതീക്ഷകളോടെ ഒരുക്കിയ, മമ്മൂട്ടി ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ബല്‍റാം വേഴ്സസ് താരാദാസും വലിയ വിജയമായില്ല.
എങ്കിലും സൂപ്പര്‍താര ചിത്രങ്ങളില്‍ നിന്ന് ഐ.വി.ശശി പിന്‍മാറുന്നില്ല. ഐ.വി.ശശിയുടെ അടുത്ത ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകന്‍. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ അനുഭൂതി വന്‍പരാജയമായിരുന്നുവെന്നതൊന്നും ഐ.വി.ശശിയെ അലട്ടുന്നില്ല.
കാലാ ബസാര്‍ എന്നാണ് ഐ.വി.ശശി-സുരേഷ് ഗോപി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പത്മപ്രിയയാണ് നായിക. ഗീതുമോഹന്‍ദാസ്, സുജാ കാര്‍ത്തിക എന്നിവരും പ്രധാന സ്ത്രീകഥാപാത്രങ്ങളായെത്തുന്നു.
മുകേഷ്, മുരളി, മനോജ് കെ.ജയന്‍, വിജയരാഘവന്‍, സിദ്ധിഖ്, ജഗദീഷ്, വിജയകുമാര്‍, റിയാസ്ഖാന്‍, സാദിഖ്, മേഘനാഥന്‍, സ്ഫടികം ജോര്‍ജ്, ഗണേഷ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ബല്‍റാം വേഴ്സസ് താരാദാസിന് തിരക്കഥ എഴുതിയ ടി.ദാമോദരനാണ് ഈ ചിത്രത്തിനും രചന നിര്‍വഹിക്കുന്നത്. ഒരു കാലത്ത് ഒട്ടേറെ ഹിറ്റുകളൊരുക്കിയ ഐ.വി.ശശി-ടി.ദാമോദരന്‍ ടീം ഒരിക്കല്‍ക്കൂടി ഒന്നിക്കുകയാണ്.
ബിച്ചു തിരുമലയും ഗിരീഷ് പുത്തഞ്ചേരിയും രചിച്ച ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു. ക്യാമറ വേണുഗോപാല്‍.


Click it and Unblock the Notifications