For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേരള പശ്ചാത്തലത്തില്‍ സ്പാനിഷ് സിനിമ

  By Staff
  |

  കേരള പശ്ചാത്തലത്തില്‍ സ്പാനിഷ് സിനിമ
  ഡിസംബര്‍ 12, 2000

  കൊച്ചി: ഏലിയാസ് കോഹന് ഇത് മലയാളക്കരയിലേക്ക് രണ്ടാംവരവാണ്. ആദ്യ സന്ദര്‍ശനത്തില്‍ കണ്ണും മനവും കവര്‍ന്ന കേരളത്തിന്റെ പ്രകൃതിഭംഗിയും സാംസ്കാരിക വൈവിധ്യവും അഭ്രപാളികളാക്കാനാണ് ഈ രണ്ടാംവരവ്.

  കേരള പശ്ചാത്തലത്തില്‍ സ്പാനിഷ് ചലച്ചിത്രമെന്ന മോഹം പൂവണിയിക്കുകയാണ് ചിലിയന്‍ നാടകകൃത്തും അഭിനേതാവുമായ കോഹന്‍. ഇസ്മയില്‍ മര്‍ച്ചന്റിന്റെ കോട്ടണ്‍ മേരിക്ക് ശേഷം കേരളത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന വിദേശ ഭാഷാചിത്രമാവും ഈ ഡോക്യുഡ്രാമ.

  മട്ടാഞ്ചേരിയിലും സമീപപ്രദേശങ്ങളിലുമായാണ് ഇനിയും പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. അടുത്ത സപ്തംബറില്‍ ചിത്രം റിലീസ് ചെയ്യാനാവുമെന്നാണ് കോഹന്റെ പ്രതീക്ഷ.

  എത്നിക് ഡാന്‍സസ്: പ്രിന്‍സിപ്പിള്‍ ആന്റ് പെര്‍ഫോര്‍മന്‍സ് എന്ന വിഷയത്തില്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പോടു കൂടി പഠനം നടത്താനാണ് രണ്ടു വര്‍ഷം മുമ്പ് കോഹന്‍ കേരളത്തിലെത്തിയത്. അന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ രംഗകലാ ശില്‍പങ്ങള്‍ അവതരിപ്പിച്ച് ചെലവഴിച്ച കൂട്ടായ്മയില്‍ നിന്നാണ് കേരള പശ്ചാത്തലത്തില്‍ ഒരു ചിത്രം എന്ന ആശയം കോഹനില്‍ നാമ്പെടുത്തത്.

  കേരളത്തെക്കുറിച്ച് തീര്‍ത്തും അജ്ഞനായാണ് ഞാന്‍ ഇവിടെയെത്തിയത്. എന്നാല്‍ എന്റെ നാടായ ചിലിയെക്കുറിച്ചും ഏകാധപതിയായ പിനോഷെയെക്കുറിച്ചും അറിവുള്ളവരെയാണ് ഞാനിവിടെ കണ്ടുമുട്ടിയത്. ഇവിടെ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ കാര്യങ്ങള്‍ ചിലിയിലെ നാട്ടുകാരുമായി പങ്കുവെക്കാനാണ് ഈ ചലച്ചിത്രോദ്യമം - കോഹന്‍ പറഞ്ഞു.

  ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്ന കോഹന്‍ തന്നെ മുഖ്യവേഷവും കൈകാര്യം ചെയ്യുന്നു. രണ്ടു പതിറ്റാണ്ടായി വിദേശത്തേക്ക് കുടിയേറിയ ചിലി വംശജരെക്കുറിച്ചുള്ള ടെലിവിഷന്‍ പരമ്പരയിലൂടെ ചിലിയില്‍ ശ്രദ്ധേയനായ പാബ്ലോ പെരല്‍മാനാണ് ചിത്രത്തിന്റെ സംവിധായകന്‍. സാന്റിയോഗോയിലെ റോസ് ഫിലിംസിന്റെ ബാനറില്‍ ജെന്നറ്റ് സഫീറോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിലിക്കാരനായ സെപുള്‍വേദ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

  പരിസ്ഥിതി പ്രവര്‍ത്തകനായ ആനന്ദ് സ്കറിയ, ഭാര്യ സ്പാനിഷ് ചിത്രകാരി ഗായത്രി ഗാമൂസ്, മഹാരാഷ്ട്രക്കാരനായ സിതാറിസ്റ് രഞ്ജിത് സിംഹ്, അനൂപ് സ്കറിയ, രവിശങ്കര്‍, കെ.കെ. രാജന്‍, മാര്‍ട്ടിന്‍, സൈനബ, ഷഫഖ് അമരാവതി, അമൃതാരാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കൊച്ചിക്കു പുറമെ ആലപ്പുഴയിലെ എരമല്ലൂരിലും തൃശൂരിലെ വിലങ്ങന്‍ കുന്നിലും ചില ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. ചിത്രം കൊച്ചിയിലും പ്രദര്‍ശിപ്പിക്കും.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X