twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ ഒരു യുവജനോത്സവം

    By Staff
    |

    മലയാളത്തില്‍ ഒരു യുവജനോത്സവം
    ഡിസംബര്‍ 12, 2003

    ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് യൂത്ത് ഫെസ്റിവല്‍ എന്നാണ്. മലയാളത്തില്‍ നിലനില്‍ക്കുന്ന ഒരു തരംഗത്തിന്റെ സൂചനയാണ് ഈ പേര്. മലയാളത്തില്‍ ഇപ്പോള്‍ എല്ലാ അര്‍ഥത്തിലും ഒരു യൂത്ത് ഫെസ്റിവല്‍ നടയ്ക്കുകയാണ്. യുവതാരങ്ങളുടെ ഫ്രഷ്നസിന്റെയും യുവസ്വപ്നങ്ങളുടെ പൊലിമയുടെയും ഒരു ഉത്സവം.

    നവയൗവനം തുടിച്ചുനില്‍ക്കുന്ന മലയാളത്തിലെ പുതിയ തലമുറയിലെ താരങ്ങള്‍ നായികാനായകന്‍മാരാവുന്ന ഒരു ഡസനിലേറെ ചിത്രങ്ങളുടെ ജോലിയാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്. എല്ലാം യൗവനത്തിന്റെ സ്വപ്നങ്ങളും മോഹങ്ങളും നൊമ്പരങ്ങളും പറയുന്ന കഥകള്‍. ചിലപ്പോള്‍ പണ്ടെവിടെയൊക്കെയോ കണ്ടും കേട്ടും മറന്ന കഥകളല്ലേ എന്ന് തോന്നാം. എന്നാല്‍ അവതരണത്തിലും പശ്ചാത്തലത്തിലും പുതുമയോടെ ഉത്സവമയമായ ഒരു അന്തരീക്ഷം ഒരുക്കുകയാണ് ഈ ചിത്രങ്ങള്‍.

    മലയാളത്തിലെ പ്രമുഖരായ പല സംവിധായകരും നവയൗവനത്തിന്റെ കഥ പറയുന്ന പ്രമേയങ്ങളുമായാണ് തങ്ങളുടെ പുതിയ സിനിമകളൊരുക്കുന്നത്. കമലും രഞ്ജിത്തും സിബി മലയിലും ജോസ് തോമസും തമ്പി കണ്ണന്താനവുമൊക്കെ തങ്ങളുടെ പഴയ ശൈലികള്‍ വെടിഞ്ഞ് യൗവനത്തിന്റെ ഉത്സവം കൊണ്ടാടുന്ന സിനിമകളുമായെത്തുന്നു.

    ഒരു പക്ഷേ നമ്മള്‍ എന്ന ചിത്രത്തിലൂടെ കമലാണ് ഈ തരംഗത്തിന് തുടക്കമിട്ടതെന്ന് പറയാം. കൗമാരത്തിന്റെയും യൗവനത്തിന്റെയും കഥകള്‍ പ്രമേയമാവുന്ന നിറം പോലുളള സിനിമകള്‍ കമല്‍ തന്നെ ഒരുക്കിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇപ്പോള്‍ സജീവമായ യുവതരംഗത്തിന് തുടക്കം കുറിച്ചത് നമ്മളാണ്.

    നാല് പുതുമുഖങ്ങളെ അണിനിരത്തി കമല്‍ ഒരുക്കിയ നമ്മള്‍ ഹിറ്റായി. സിദ്ധാര്‍ഥ്, ജിഷ്ണു, ഭാവന, രേണുകാ മേനോന്‍ എന്നീ നാല് താരങ്ങളാണ് നമ്മളിലൂടെ അരങ്ങേറിയത്. ഇവരില്‍ ജിഷ്ണുവും ഭാവനയും ഒന്നാം നിരയിലേക്ക് ഉയരുകയും ചെയ്തു.

    നമ്മള്‍ക്ക് ശേഷം കമല്‍ സംവിധാനം ചെയ്ത സ്വപ്നക്കൂട് വന്‍വിജയമായതോടെ ഈ തരംഗത്തിന്റെ നാനാസാധ്യതകളിലേക്ക് സംവിധായകര്‍ കണ്ണ് തുറക്കുകയായിരുന്നു. പൃഥ്വിരാജും കുഞ്ചാക്കോ ബോബനും മീരാജാസ്മിനും ജയസൂര്യയും ഭാവനയും അഭിനയിച്ച സ്വപ്നക്കൂട് തിയേറ്ററുകളില്‍ ഉത്സവാന്തരീക്ഷം ഒരുക്കി. അവതരണത്തിലെ പുതുമയും ഗാനങ്ങളുടെ മനോഹാരിതയും സ്വപ്നക്കൂടിനെ വന്‍വിജയമാക്കി. പൃഥ്വിരാജിന്റെയും കുഞ്ചാക്കോ ബോബന്റെയും മീരാ ജാസ്മിന്റെയും താരമൂല്യം ഉയര്‍ന്നു. മലയാളത്തിന് ഇപ്പോള്‍ യുവനായകരുടെ കാലമെന്ന് വിശേഷണം വന്നു.

    ഈ ചിത്രങ്ങള്‍ക്ക് പിന്നാലെയെത്തിയ വി. കെ. പ്രകാശിന്റെ മുല്ലവള്ളിയും തേന്മാവും മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടിയത്. പ്രേക്ഷകരെ സ്പര്‍ശിക്കുന്ന ഒരു പ്രണയകഥയാണ് മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിന്റെയും പ്രമേയം. അവതരണത്തിലെ വ്യത്യസ്തതയും ദൃശ്യപ്പൊലിമയും ഈ ചിത്രത്തിന് മികച്ച അഭിപ്രായം നേടിക്കൊടുത്തു.

    ഈ ചിത്രങ്ങളുടെ ചുവടുപിടിച്ച് ഒരു ഡസനോളം ചിത്രങ്ങളാണ് വരുന്നത്. ഇവയില്‍ ചിലതിന്റെ ചിത്രീകരണം നടയ്ക്കുന്നു. ചില ചിത്രങ്ങള്‍ ചിത്രീകരണത്തിന് മുമ്പുള്ള ജോലികളുടെ ഘട്ടത്തിലാണ്.

    ജോസ് തോമസിന്റെ ഫിഫ്റ്റി ഫിഫ്റ്റി, സുന്ദര്‍ദാസിന്റെ കഥ, സനലിന്റെ ടു വീലര്‍ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയായ ചിത്രങ്ങളാണ്. ഫിഫ്റ്റി ഫിഫ്റ്റി കാമ്പസ് പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും ഗീതു മോഹന്‍ദാസും പ്രധാന താരങ്ങള്‍. കഥ പൃഥ്വിരാജും കാവ്യ മാധവനും ആദ്യമായി നായികാനായകന്‍മാരാവുന്ന ചിത്രമാണ്. സംഗീതവും പ്രണയവുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ചിത്രം.

    ബൈക്ക് റെയ്സിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുന്ന ചിത്രമാണ് ടു വീലര്‍. ജിഷ്ണുവും ജയസൂര്യയും നിഷാന്ത് സാഗറും കാവ്യാ മാധവനുമാണ് പ്രധാന താരങ്ങള്‍.

    ഫിഫ്റ്റി ഫിഫ്റ്റിയ്ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന യൂത്ത് ഫെസ്റിവലില്‍ സിദ്ധാര്‍ഥും ജിഷ്ണുവുമാണ് നായകര്‍. നായിക ഭാവന. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ജലോത്സവം കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന പ്രണയത്തെയാണ് പ്രമേയമാക്കുന്നത്. കുഞ്ചാക്കോ ബോബനും നവ്യാ നായരുമാണ് നായികാനായകന്‍മാര്‍.

    ജലോത്സവത്തിന് ശേഷം സിബി ഒരുക്കുന്ന ചിത്രം കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന്റെ പേര് വാലന്റെയ്ന്‍സ് ഡേ. പുതുമുഖങ്ങളാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള രണ്ട് ചിത്രങ്ങള്‍ കൂടി ഒരുങ്ങുന്നുണ്ട്. ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍, രഞ്ജിത്തിന്റെ ഹലോ. രണ്ട് ചിത്രത്തിലും പുതുമുഖങ്ങളാണ് നായികാനായകന്‍മാരാവുന്നത്.

    ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളെടുത്തിരുന്ന തമ്പി കണ്ണന്താനത്തെ പോലുള്ള സംവിധായകര്‍ പോലും ട്രാക്ക് മാറ്റുകയാണ്. തമ്പി കണ്ണന്താനത്തിന്റെ പുതിയ ചിത്രമായ ഫ്രീഡത്തില്‍ ജിഷ്ണുവും രേണുകാ മേനോനുമാണ് നായികാനായകന്‍മാര്‍. കമലിന്റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍.

    നവാഗതസംവിധായകനായ ജയപ്രകാശ് ഒരുക്കുന്ന കൂട് എന്ന ചിത്രം കാമ്പസ് പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. തമിഴ് നടന്‍മാരായ അരവിന്ദും റിച്ചാര്‍ഡുമാണ് ചിത്രത്തിലെ നായകര്‍. ഐ. വി. ശശിയുടെ സിംഫണിയിലും പുതുമുഖങ്ങള്‍ തന്നെ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X