മീര വീണ്ടും ചെമ്പട്ടണിയുന്നു
ഒരിക്കല്‍ മീരാ ജാസ്മിന്‍ ചെമ്പട്ടണിഞ്ഞ് ക്യാമറക്കു മുന്നിലെത്തിയതാണ്. കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു അത്. പക്ഷേ ചിത്രീകരണം അവിടെ നിലച്ചു. ലോഹിതദാസിന്റെ ചെമ്പട്ട് എന്ന് പേരിട്ട ചിത്രത്തിന്റെ തുടര്‍ഭാഗങ്ങള്‍ ചിത്രീകരിക്കാനാവാതെ മുടങ്ങി.
സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു ചെമ്പട്ടിനെ ബാധിച്ചത്. മീരാ ജാസ്മിനാണ് ചിത്രം നിര്‍മിക്കുന്നതെന്നും പിന്നീട് മീര നിര്‍മാണ സംരംഭത്തില്‍ നിന്നും പിന്‍മാറിയെന്നും കേട്ടു. നിറം മങ്ങിയ ചെമ്പട്ട് ഉപേക്ഷിച്ച മട്ടായി.
പക്ഷേ ചെമ്പട്ട് ഉപേക്ഷിച്ചിട്ടില്ലെന്ന് ഇപ്പോള്‍ സംവിധായകന്‍ ലോഹിതദാസ് പറയുന്നു. മീരാ ജാസ്മിന്‍ തന്നെയാവും നായിക. നായകന്‍ ഒരു പുതുമുഖമാണ്.
ചക്കരമുത്തിനു ശേഷം താനെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്നും ലോഹിതദാസ് പറഞ്ഞു. ചിത്രം നിര്‍മിക്കുന്നത് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഏതായാലും വീണ്ടും മറ്റൊരു മീര-ലോഹി ചിത്രം ഒരുങ്ങുകയാണെന്ന് വ്യക്തമായി.
വടക്കേ മലബാറും ചിലപ്പതികാരവും പശ്ചാത്തലമാക്കിയാണ് ചിത്രം. കൊടുങ്ങല്ലൂര്‍ ഭരണിയുടെയും മിത്തുകളുടെയും പശ്ചാത്തലത്തില്‍ ലോഹിയുടെ ഒരു പരീക്ഷണ ചിത്രമായിരിക്കും ഇത്. ആദ്യമായാണ് ലോഹിയുടെ ചിത്രത്തില്‍ ഒരു പുതുമുഖം നായകനാവുന്നത്.


Click it and Unblock the Notifications