മോഹന്‍ലാലിന്റെ വടക്കുംനാഥന്‍
മോഹന്‍ലാലിന്റെ വടക്കുംനാഥന്‍
ഡിസംബര്‍ 14, 2003
ഷാജുണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു. വടക്കുംനാഥന്‍ എന്നാണ് ചിത്രത്തിന്റെ പേര്.
സംസ്കൃത പ്രൊഫസറായ ഭരത പിഷാരടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ഒരു വ്യത്യസ്ത വേഷമായിരിക്കും ഈ ചിത്രത്തിലേത്.
ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ രണ്ടാമത്ത തിരക്കഥയാണിത്. മമ്മൂട്ടി നായകനായ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന ചിത്രത്തിനാണ് ഇതിന് മുമ്പ് ഗിരീഷ് പുത്തഞ്ചേരി തിരക്കഥ രചിച്ചിട്ടുള്ളത്.
ഹരിഹരനാണ് നേരത്തെ ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ഗൃഹലക്ഷ്മിയുടെ ഒരു ചിത്രം ചെയ്യാനുള്ളതിനാല്‍ ഹരിഹരന്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറുകയും പകരം ഷാജൂണ്‍ കാര്യാല്‍ സംവിധായകന്റെ റോളില്‍ വരുകയുമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി തച്ചിലേടത്ത് ചുണ്ടന്‍ ഒരുക്കിയിട്ടുള്ള ഷാജൂണ്‍ കാര്യാലിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ ആദ്യമായാണ് നായകനാവുന്നത്.
ബാലചന്ദ്രമേനോന്‍, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സുകുമാരി തുടങ്ങിയ മുതിര്‍ന്ന താരങ്ങളും വടക്കുംനാഥനില്‍ വേഷമിടുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് രവീന്ദ്രനാണ്. ഛായാഗ്രഹണം സന്തോഷ് ശിവന്‍.
ബാബാ ക്രിയേഷന്‍സിന്റെ ബാനറില്‍ എ.വി. ഗോവിന്ദന്‍കുട്ടിയും എം. രാജനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ശ്ലോക് ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications