ലാലിന്റെ നായികയായി പത്മപ്രിയ
ലാലിന്റെ നായികയായി പത്മപ്രിയ
ഡിസംബര്‍ 14, 2004
കാഴ്ചയിലെ കുട്ടനാട്ടുകാരിയായ കുടുംബിനിയുടെ വേഷത്തില്‍ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ പത്മപ്രിയ മലയാളത്തില്‍ സജീവമാവുന്നു. പല അന്യഭാഷാ നടിമാരുടെയും മലയാളത്തിലെ സാന്നിധ്യം ഒന്നോ രണ്ടോ ചിത്രങ്ങളില്‍ അവസാനിക്കുകയോ ചെറുകിട പ്രൊജക്ടുകളില്‍ ഒതുങ്ങുകയോ ചെയ്യുമ്പോള്‍ പത്മപ്രിയ സൂപ്പര്‍താരങ്ങളുടെ നായികയായി മലയാളത്തിന് പ്രിയങ്കരിയാവുകയാണ്.
കാഴ്ചയില്‍ മമ്മൂട്ടി അവതരിപ്പിച്ച ഫിലിം ഓപ്പറേറ്റര്‍ മാധവന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിച്ച പത്മപ്രിയ മലയാളത്തില്‍ അഭിനയിച്ച രണ്ടാമത്തെ ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യാനിരിക്കുന്ന ജയറാം നായകനായ അമൃതം ആണ്. മോഹന്‍ലാലിന്റെ നായികയായാണ് പത്മപ്രിയ മലയാളത്തിലെ തന്റെ മൂന്നാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഷാജുണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന വടക്കുംനാഥന്‍ എന്ന ചിത്രത്തിലാണ് പത്മപ്രിയ മോഹന്‍ലാലിന്റെ നായികയാവുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇരിങ്ങണ്ണൂര്‍ ഭരതപിഷാരടി എന്ന കഥാപാത്രത്തെ പ്രണയിക്കുന്ന മീര എന്ന പെണ്‍കുട്ടിയുടെ വേഷം. നേരത്തെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മീരാ ജാസ്മിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ മീരയുടെ അന്യഭാഷയിലെ തിരക്ക് കാരണം പത്മപ്രിയക്ക് നറുക്ക് വീഴുകയായിരുന്നു.
അഭിനയസാധ്യതയുള്ള കഥാപാത്രമാണ് പത്മപ്രിയക്ക് തന്റെ മൂന്നാമത്തെ മലയാള ചിത്രത്തിലും ലഭിച്ചിരിക്കുന്നത്. കാഴ്ചയില്‍ കുട്ടനാട്ടുകാരിയായ കുടുംബിനിയായി ജീവിച്ച പത്മപ്രിയ അമൃതത്തില്‍ മതം മാറി ഒരു ഹിന്ദുവിനെ വിവാഹം ചെയ്യുന്ന മുസ്ലിം പെണ്‍കുട്ടിയായാണ് അഭിനയിച്ചത്.
മോഡലിംഗില്‍ നിന്ന് സിനിമയിലെത്തിയ ആന്ധ്രക്കാരിയായ പത്മപ്രിയയുടെ ആദ്യചിത്രമായിരുന്നു കാഴ്ച. എംബിഎ(ഫിനാന്‍സ്) ബിരുദധാരിയായ പത്മപ്രിയ ബാംഗ്ലൂരിലെ ജിഇ കാപ്പിറ്റലില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റായി ജോലി ചെയ്യുന്നുമുണ്ട്.


Click it and Unblock the Notifications