രാജമാണിക്യം വീണ്ടും വരുന്നു
രാജമാണിക്യം വീണ്ടും വരുന്നു
ഡിസംബര്‍ 14, 2005
സൂപ്പര്‍ഹിറ്റുകള്‍ക്ക് രണ്ടാം ഭാഗമൊരുക്കുക മലയാളത്തില്‍ പതിവാവുകയാണ്. റെക്കോഡ് വിജയവുമായി കുതിക്കുന്ന മമ്മൂട്ടിയുടെ രാജമാണിക്യത്തിനും രണ്ടാം ഭാഗമൊരുങ്ങുന്നു.
ഈ വര്‍ഷത്തെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി റെക്കോഡിട്ട ചിത്രമാണ് രാജമാണിക്യം. തിരുവനന്തപുരം ഭാഷയില്‍ സംസാരിക്കുന്ന മമ്മൂട്ടി പ്രേക്ഷകര്‍ക്കിടയില്‍ ഒരു അല തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. മമ്മൂട്ടി ആദ്യമായി മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയാണ് രാജമാണിക്യത്തെ വന്‍വിജയമാക്കിയത്.
വൈകാരികമായ രംഗങ്ങളില്‍ പോലും രാജമാണിക്യത്തിന്റെ സംസാരരീതി ചിരിയാണ് ജനിപ്പിക്കുന്നത്. സംഘട്ടനരംഗങ്ങള്‍ക്കു ശേഷം രാജമാണിക്യം നടത്തുന്ന കമന്റുകള്‍ പ്രേക്ഷകരെ ആര്‍ത്തുചിരിപ്പിക്കുന്നു. ആദ്യന്തം ഒട്ടും വിരസയില്ലാതെ മുന്നോട്ടുപോകുന്ന ചിത്രത്തെ പ്രേക്ഷകര്‍ അക്ഷരാര്‍ഥത്തില്‍ ഏറ്റെടുത്തിരിക്കുകയാണ്. രാജമാണിക്യത്തിന്റെ ഈ വന്‍വിജയമാണ് ചിത്രത്തിന് തുടര്‍ഭാഗം ഒരുക്കാന്‍ സംവിധായകനും നിര്‍മാതാവിനും പ്രചോദനമായത്. മമ്മൂട്ടിയുടെ ഈ കഥാപാത്രത്തെ അടുത്ത സിനിമയില്‍ പുനരവതിപ്പിച്ചാല്‍ പ്രേക്ഷകര്‍ വീണ്ടും സ്വീകരിക്കുമെന്ന കണക്കുകൂട്ടലാണ് ഇവര്‍ക്കുള്ളത്.
അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. രാജമാണിക്യം സംവിധാനം ചെയ്ത അന്‍വര്‍ റഷീദ് തന്നെയായിരിക്കും ഈ ചിത്രവും നിര്‍മിക്കുന്നത്. തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് ഈ ചിത്രത്തിനും തിരക്കഥ രചിക്കും. നിര്‍മാതാവിനും മാറ്റമില്ല. വലിയവീട്ടില്‍ സിറാജായിരിക്കും ചിത്രം നിര്‍മിക്കുന്നത്.
രാജമാണിക്യത്തിന്റെ തമിഴ് റീമേക്ക് സംവിധാനം ചെയ്യുന്നത് അന്‍വര്‍ റഷീദ് തന്നെയാണ്. ശരത്കുമാര്‍ നായകനാവുന്ന ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും രണ്ടാം ഭാഗത്തിന്റെ ജോലികള്‍ ആരംഭിക്കുന്നത്.


Click it and Unblock the Notifications