മോഹന്‍ലാലും സലിമും തമ്മിലെന്ത്?
മോഹന്‍ലാലാണ് നായകനെങ്കില്‍ ടൈറ്റിലുകളില്‍ ചമയം എന്ന് കാണുമ്പോള്‍ പ്രധാന മേക്കപ്പ്മാനോടൊപ്പം മറ്റൊരു പേര് കൂടി തെളിയും- സലിം (മോഹന്‍ലാല്‍). ബ്രാക്കറ്റില്‍ മോഹന്‍ലാല്‍ എന്ന് കൊടുത്തിരിക്കുന്നത് ലാലിന്റെ പേഴ്സണല്‍ മേക്കപ്പ്മാന്‍ എന്ന നിലയിലാണ്.
മോഹന്‍ലാലിന്റെ ചിത്രങ്ങളിലെ മേക്കപ്പ്മാന്‍ ആരായാലും ലാലിന് മേക്കപ്പ് ചെയ്തിരുന്നത് സലിമാണ്. അങ്കിള്‍ ബണ്‍ മുതല്‍ തുടങ്ങിയതാണ് ആ പതിവ്. കഴിഞ്ഞ പതിനാറു വര്‍ഷം പുറത്തിറങ്ങിയ എല്ലാ മോഹന്‍ലാല്‍ ചിത്രങ്ങളിലും അദ്ദേഹത്തിന് രൂപഭാവങ്ങള്‍ നല്‍കിയിരുന്നത് സലിമാണ്.
എന്നാല്‍ ഇന്ന് സലിം മോഹന്‍ലാലിനൊപ്പമില്ല. മോഹന്‍ലാലിന്റെ പേഴ്സണല്‍ മേക്കപ്പ്മാന്‍ എന്ന സ്ഥാനം അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നു. അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിലെ തടിയന്‍ കഥാപാത്രത്തിന് ചമയം നല്‍കിയ സലിമിന് മോഹന്‍ലാല്‍ വ്യത്യസ്തമായ രൂപഭാവങ്ങളോടെ പ്രത്യക്ഷപ്പെട്ട മറ്റൊരു ചിത്രത്തോടെയാണ് തന്റെ ഇഷ്ടനായകനുമായി പിരിയേണ്ടി വന്നത്.
ഉടയോന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് മേക്കപ്പ് ചെയ്തത്് പട്ടണം റഷീദാണ്. അങ്കിള്‍ ബണിനു ശേഷം മോഹന്‍ലാലിന് സലിമല്ലാതെ മറ്റൊരാള്‍ മേക്കപ്പ് ചെയ്യുന്നത് ആദ്യം. ഉടയോന് പുതിയ രൂപഭാവങ്ങള്‍ പകരാന്‍ സലിം പോരെന്ന് ലാലിനൊപ്പമുള്ള ചിലര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സലിം പറയുന്നു.
മോഹന്‍ലാലുമായി പിണങ്ങിപ്പിരിഞ്ഞ് സലിം മഹാസമുദ്രത്തിന്റെ സെറ്റില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. താന്‍ ലാലുമായി പിരിയേണ്ടി വന്നത് ചിലരുടെ കളികള്‍ മൂലമാണെന്നും സലിം പറയുന്നു. ഇപ്പോള്‍ ചില സിനിമകള്‍ക്ക് സ്വതന്ത്രമായി മേക്കപ്പ് നല്‍കുകയാണ്.


Click it and Unblock the Notifications