twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിസ്തുമസിന് അഞ്ച് ചിത്രങ്ങള്‍

    By Staff
    |

    ക്രിസ്തുമസിന് അഞ്ച് ചിത്രങ്ങള്‍
    ഡിസംബര്‍ 15, 2003

    ഇത്തവണ ക്രിസ്തുമസിന് അഞ്ച് ചിത്രങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയുടെയും ദിലീപിന്റെയും ജയറാമിന്റെയും ചിത്രങ്ങള്‍ ക്രിസ്തുമസിനെത്തുമ്പോള്‍ മോഹന്‍ലാലിന് ഇക്കുറി ക്രിസ്തുമസ് ചിത്രമില്ല. മോഹന്‍ലാല്‍ നായകനായ ഹരിഹരന്‍പിള്ള ഹാപ്പിയാണ് നവംബറിലാണ് റിലീസ് ചെയ്തത്.

    നവാഗത സംവിധായക ജോഡികളായ പ്രമോദ് പപ്പന്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രം വജ്രം, ദിലീപ് നായകനാവുന്ന വിപിന്‍ മോഹന്റെ പട്ടണത്തില്‍ സുന്ദരന്‍, സത്യന്‍ അന്തിക്കാട്-ജയറാം ടീമിന്റെ മനസ്സിനക്കരെ, ഷാഫി സംവിധാനം ചെയ്യുന്ന പുലിവാല്‍ കല്യാണം, ലോഹിതദാസിന്റെ കള്ളച്ചൂത് എന്നിവയാണ് ക്രിസ്മസിനെത്തുമെന്ന് അനൗണ്‍സ് ചെയ്തിരിക്കുന്നത്.

    പട്ടാളത്തിന് ശേഷം ഇറങ്ങുന്ന മമ്മൂട്ടി ചിത്രമാണ് വജ്രം. 2003ലെ മമ്മൂട്ടിയുടെ മൂന്നാമത്തെ ചിത്രമാണിത്. ഡെന്നീസ് ജോസഫ് ഫാന്റം പൈലിയ്ക്ക് ശേഷം മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമാണിത്. ഒരു ക്രെയിന്‍ ഓപ്പറേറ്ററായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.

    വസുന്ധരാദാസും നന്ദിനിയുമാണ് നായികമാര്‍. രാജന്‍ പി. ദേവ്, മനോജ് കെ. ജയന്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ , മാസ്റര്‍ മിഥുന്‍, അംബികാ മോഹന്‍ എന്നിവരും വജ്രത്തില്‍ അഭിനയിക്കുന്നു.

    ദിലീപും നവ്യാനായരും നായികമാരാവുന്ന പട്ടണത്തില്‍ സുന്ദരന്‍ ഛായാഗ്രാഹകനായ വിപിന്‍ മോഹന്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ്. നവ്യാ നായര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസിംഗ് പ്രതിസന്ധിയിലാവുമെന്ന് കരുതിയിരുന്നെങ്കിലും വിലക്ക് പിന്‍വലിച്ചതോടെ ചിത്രത്തിന്റെ ഡബിംഗ് ജോലികള്‍ സുഗമമായി.

    നവാഗതനായ സിന്ധുരാജാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജഗതി, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, സുരേഷ് കൃഷ്ണ, കവിയൂര്‍ പൊന്നമ്മ, ബിന്ദുപണിക്കര്‍, സോനുനായര്‍ തുടങ്ങിയവരാണ് മുഖ്യ അഭിനേതാക്കള്‍.

    മീശ മാധവന്റെ തിരക്കഥ രചിച്ച രഞ്ജന്‍ എബ്രഹാമും സത്യന്‍ അന്തിക്കാടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മനസിനക്കരെ. ജയറാം നായകനാവുന്ന ചിത്രത്തിന് മലയാളത്തിന്റെ നായിക ഷീലയുടെ തിരിച്ചുവരവിന് തുടക്കം കുറിക്കുന്നുവെന്ന സവിശേഷതയുണ്ട്.

    ഇളയരാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. നെടുമുടിവേണു, ഇന്നസെന്റ്, സിദ്ദിഖ്, ഒടുവില്‍, മാമുക്കോയ,സുകുമാരി, കെ.പി.എ.സി ലളിത തുടങ്ങിയവ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

    കല്യാണരാമന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന പുലിവാല്‍ കല്യാണത്തില്‍ ജയസൂര്യയും കാവ്യാമാധവനുമാണ് നായികാ നായകന്‍മാര്‍. കല്യാണരാമന്‍ പോലെ നര്‍മപ്രധാനമായ ചിത്രമാണ് പുലിവാല്‍ കല്യാണം. ജഗതി, ലാലു അലക്സ്, ഹരിശ്രീ അശോകന്‍, സലിംകുമാര്‍ എന്നിവരും വേഷമിടുന്നു. സിബി കെ. തോമസ്-ഉദയകൃഷ്ണയുടേതാണ് തിരക്കഥ.

    ലോഹിതദാസിന്റെ കള്ളച്ചൂത് ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്നാണ് അനൗണ്‍സ് ചെയ്തിരിക്കുന്നതെങ്കിലും കോടതിയുടെ സ്റേ നിലനില്‍ക്കുന്നതിനാല്‍ ചിത്രം ക്രിസ്തുമസിനെത്തുമോ എന്ന് വ്യക്തമല്ല. ചക്രം എന്ന് നേരത്തെ പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് വിവാദത്തെ തുടര്‍ന്നാണ് മാറ്റിയത്.

    പൃഥ്വിരാജ് വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കള്ളച്ചൂത്. മീരാ ജാസ്മിനാണ് നായിക. നൂലുണ്ട വിജീഷ്, വിജയരാഘവന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X