ലാല്‍ ജോസ് പരീക്ഷണം തുടരുന്നു
അത്ഭുതവിജയം നേടിയ ക്ലാസ്മേറ്റ്സ് ലാല്‍ ജോസിന്റെ ഒരു പരീക്ഷണ ചിത്രമായിരുന്നു. സൂപ്പര്‍താരങ്ങളില്ലാതെ യുവനായകന്മാര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന ഒരു പരീക്ഷണം. സൂപ്പര്‍താര വാഴ്ച നിലനില്‍ക്കുന്ന മലയാള സിനിമയില്‍ ആ ചങ്കൂറ്റം കാട്ടിയ ലാല്‍ ജോസ് കൊയ്തത് നൂറുമേനി.
അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ലാല്‍ ജോസിന്റെ ഈ വേറിട്ടുനടക്കല്‍. സലിംകുമാറിനെ നായകനാക്കി ഒരു പരീക്ഷണം. ക്ലാസ്മേറ്റ്സിലും അത് തുടര്‍ന്നു. അടുത്ത ലാല്‍ ജോസ് ചിത്രത്തിലും സൂപ്പര്‍താരങ്ങളുണ്ടാവില്ല. ലാല്‍ ജോസ് തന്റെ പരീക്ഷണം തുടരുകയാണ്.
ലാല്‍ ജോസിന്റെ അടുത്ത ചിത്രത്തില്‍ ശ്രീനിവാസനാണ് നായകന്‍. ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളില്‍ മലയാളികള്‍ നേരിടുന്ന ദുരിതങ്ങളുടെ കഥ പറയുന്ന ചിത്രം. മസാല ഫോര്‍മുലകള്‍ക്കു പിന്നാലെ പോവാതെ യഥാതഥമായ ശൈലിയില്‍ ഒരുക്കുന്ന ചിത്രമായിരിക്കും ഇത്.
സൂപ്പര്‍താരങ്ങള്‍ പിടിമുറുക്കിയിരിക്കുന്ന മലയാളത്തില്‍ സൂപ്പര്‍താരങ്ങളില്ലാതെ ഒരു മുന്‍നിര സംവിധായകന്‍ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളൊരുക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. പരീക്ഷണത്തിനുള്ള സന്നദ്ധത തന്നെയാണ് ലാല്‍ ജോസിനെ വ്യത്യസ്തനാക്കുന്നത്.


Click it and Unblock the Notifications