പൃഥ്വിരാജ് ഡബിള്‍റോളില്‍
പൃഥ്വിരാജ് ഡബിള്‍റോളില്‍
ഡിസംബര്‍ 16, 2004
പൃഥ്വിരാജ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് കൃത്യം. കരിയര്‍ തുടങ്ങി രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇരട്ടവേഷം അവതരിപ്പിക്കാനുള്ള അവസരമാണ് പൃഥ്വിരാജിനെ തേടിയെത്തിരിക്കുന്നത്.
താരങ്ങള്‍ പക്വമതികളാവുമ്പോഴാണ് ഇരട്ടവേഷങ്ങള്‍ അവതരിപ്പിക്കാറുള്ളതെന്ന് പറയാറുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി, ദിലീപ് എന്നീ സൂപ്പര്‍താരങ്ങളെല്ലാം ഇരട്ടവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ഭംഗിയാക്കിയിട്ടുമുണ്ട്. എന്നാല്‍ അത് കരിയറില്‍ വലിയ ഉയരങ്ങളില്‍ എത്തിയതിന് ശേഷമായിരുന്നു. എന്നാല്‍ പൃഥ്വിരാജിന് ഈ അവസരം ലഭിച്ചിരിക്കുന്നത് കരിയറിന്റെ ആദ്യഘട്ടത്തില്‍ തന്നെയാണ്.
സത്യം എന്ന ചിത്രത്തില്‍ ആക്ഷന്‍ ഹീറോയായി തിളങ്ങിയ പൃഥ്വിരാജിന് ലഭിച്ചിരിക്കുന്ന വളരെ വ്യത്യസ്തമായ അവസരമാണ് കൃത്യത്തിലേത്. വിജി തമ്പിയാണ് കൃത്യം സംവിധാനം ചെയ്യുന്നത്.
കൊച്ചി നഗരത്തില്‍ കഴിയുന്ന രൂപസാദൃശ്യമുള്ള രണ്ട് പേര്‍. അവരുടെ കഥയാണ് കൃത്യം പറയുന്നത്. ഒരാള്‍ ഒരു സംഗീതജ്ഞനാണെങ്കില്‍ മറ്റേയാള്‍ ഒരു കൊലയാളിയാണ്. വിരുദ്ധസ്വഭാവങ്ങളില്‍ നില്‍ക്കുന്ന രണ്ട് കഥാപാത്രങ്ങളെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.
തമിഴ് നടി പൂജയാണ് ചിത്രത്തിലെ നായിക. തിലകന്‍, ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, സലിംകുമാര്‍, അനില്‍നാഥ്, അനില്‍മേനോന്‍, ഹര്‍ഷന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
കലൂര്‍ ഡെന്നീസിന്റേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് നവാഗത സംഗീതസംവിധായകന്‍ ഉദയകുമാറാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം രാജീവ് രവി.
ഉത്രൃട്ടാതി ഫിലിംസിന്റെ ബാനറില്‍ ശശി അയ്യച്ചിറയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും കൊച്ചിയിലെ ലാല്‍ സ്റുഡിയോയില്‍ നടന്നു.


Click it and Unblock the Notifications